Sunday, March 15, 2026 Last Updated 13 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 03.32 PM

‘കുഴഞ്ഞു വീണ് ബോധം പോയപ്പോള്‍ ബ്രെയിൻ ടൂമറാണെന്ന് കരുതി ക്രിക്കറ്റ് ഉപേക്ഷിച്ചു; ഇന്ന് കേരള സ്ട്രൈക്കേര്‍സില്‍, അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണിത്...’ അഖില്‍ മാരാര്‍

സോഷ്യല്‍ മീഡിയ താരവും ബിഗ് ബോസ് വിന്നറും സംവിധായകനുമായ അഖില്‍ മാരാര്‍ പങ്കിടുന്ന കുറിപ്പുകളെല്ലാം വളരെ​ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം കേരള സ്ട്രൈക്കേര്‍സില്‍ എത്തിയ സന്തോഷം പങ്കിടുകയാണ് അഖില്‍ മാരാര്‍.
Director Akhil Marar, Akhil Marar in Kerala Strikers
Akhil Marar in Kerala Strickers (Image Source: Facebook)

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്ന സംവിധായകനാണ് അഖിൽ മാരാർ. 2021 ൽ ജോജു ജോർജ് നായകനായി എത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് അഖില്‍ മാരാര്‍ സംവിധായകനായത്. ചിത്രം അത്രകണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, പക്ഷേ ബിഗ് ബോസ് ഹൗസിലെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കപ്പ് സ്വന്തമാക്കിയാണ് അഖില്‍ ഹൗസില്‍ നിന്ന് പുറത്തിറങ്ങിയത്.
ഇന്ന് മിനി കൂപ്പർ സ്വന്തമായുള്ള, ബ്രാൻഡ് പ്രൊമോട്ടറായ, സോഷ്യല്‍ മീഡിയയിലൂടെ തന്റെ നിലപാടും അഭിപ്രായങ്ങളും തുറന്നെഴുതുന്ന അഭിമുഖങ്ങളില്‍ ആരെയും പേടിക്കാതെ, മുഖം നോക്കാതെ പ്രതികരിക്കുന്ന അഖില്‍ മാരാര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഫെയ്സ്ബുക്കിലൂടെ അഖില്‍ മാരാര്‍ പങ്കിടുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതിന്റെ ആവേശം പങ്കിടുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. സിസിഎല്ലില്‍ കേരള സ്ട്രൈക്കേഴ്സ് ടീമില്‍ കളിക്കുന്നതിന്റെ ആ​വേശവും ഇതുവരെ കളിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണവുമാണ് അഖില്‍ മാരാര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കിടുന്നത്.
‘‘സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വർഷങ്ങൾക്ക് മുൻപ് ഗാലറിയിൽ ഇരുന്ന് കേരള സ്ട്രൈക്കേഴ്സിന് വേണ്ടി ആർപ്പ് വിളിച്ചവൻ നാളെ വിശാഖ പട്ടണത്തേക്ക് ടീമിനൊപ്പം യാത്ര ചെയ്യുവാണ്...
നാല് വയസ് മുതൽ ഓല മടൽ ബാറ്റും ബാളുമായി ക്രിക്കറ്റിന്റെ പിന്നാലെ അലഞ്ഞ പയ്യൻ...ക്രിക്കറ്റ് കളിയുള്ള ദിവസം അമ്മ അറിയാതെ ക്ലാസ് കട്ട് ചെയ്തു ടീവി ഉള്ള ആരുടെയെങ്കിലും വീട്ടിൽ പോയി കളി കണ്ട് നടന്നവൻ...ഒളിച്ചും പാത്തും അമ്മ അറിയാതെ കളിക്കാൻ പോയതും പിടിക്കപ്പെട്ടപ്പോൾ ഓല മടൽ ബാറ്റ് പിടിച്ചു പറിച്ചു അമ്മ അടിച്ചതും ഒക്കെ ഇന്നത്തെ രസമുള്ള ഓർമ്മകൾ...
കൊല്ലം ജില്ലയിലെ ഒട്ടുമിക്ക എല്ലാ ഗ്രൗണ്ടിലും പല ടീമുകൾക്ക് കളിച്ചു നടന്ന കാലം... അന്നത്തെ ബൗളിങ്ങിന്റെ വേഗതയും യോർക്കർ എറിയുന്ന കൃത്യതയും കണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ ആയിരുന്ന സജീവ് അണ്ണൻ എന്നെ ശ്രദ്ധിക്കുകയും എംആര്‍എഫ് പേസ് ഫൗണ്ടേഷനിൽ ട്രെയിനിങ്ങിന് വിടുന്ന കാര്യം ഒക്കെ സംസാരിച്ചു എന്ന് കേട്ടിരുന്നു.. പിന്നീട് അദ്ദേഹത്തിന്റെ ടീമിന്റെ ഓപ്പണിങ് ബൗളർ ആയി. ക്രിക്കറ്റിൽ എന്തെങ്കിലും ആവണം എന്നൊക്കെ ചിന്തിച്ചെങ്കിലും അതിനായി പരിശ്രമിക്കാനോ പരിശീലിക്കാനോ ശ്രമിച്ചില്ല..
പിന്നീട് ഒരിക്കൽ കളിക്കളത്തിൽ കുഴഞ്ഞു വീണ് അതിന് ശേഷം തുടർച്ചയായി കുഴഞ്ഞു വീണ് ബോധം പോയി... എനിക്ക് ബ്രയിൻ ടൂമർ ആണെന്നും ഞാൻ മരിച്ചു പോകും എന്ന് ഞാൻ എന്നോട് പറഞ്ഞു.. കാശില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പോയില്ല പകരം ക്രിക്കറ്റ് ഉപേക്ഷിച്ചു... പിന്നീട് തൈറോയ്ഡ് പ്രശ്നം ആയിരുന്നു കാരണം എന്നൊക്കെ കണ്ടെത്തിയെങ്കിലും.. രാഷ്ട്രീയവും.. സിനിമയ്ക്ക് പിന്നാലെ ഉള്ള ഓട്ടവും ക്രിക്കറ്റ് ഉപേക്ഷിക്കാൻ കാരണമായി.. സച്ചിൻ വിരമിച്ചത് മറ്റൊരു തരത്തിൽ ക്രിക്കറ്റിൽ നിന്നും അകലാൻ ഒരു കാരണമായി..
പക്ഷെ ഒരിക്കൽ സ്വപ്നം കണ്ടത് മറ്റൊരു രീതിയിൽ വന്ന് ചേർന്നിരിക്കുന്നു.. അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കാനും അത് ലോകം മുഴുവൻ ഹോട്ട് സ്റ്റാർ വഴി കാണാനും ഉള്ള ഭാഗ്യം..
അപൂർവമായി ഒരാൾക്ക് ലഭിക്കുന്ന ഭാഗ്യങ്ങളിൽ ഒന്നാണ് ഒരേ സമയം സിനിമയിലും, സ്പോർട്സിലും, രാഷ്ട്രീയത്തിലും ഭാഗമായി നിൽക്കാൻ കഴിയുക എന്നത്...ആരും കൊണ്ട് തന്നതല്ല നേടി എടുത്തതാണ്...ജനുവരി 18 കേരള സ്ട്രൈക്കേർസ് വേര്‍സസ് മുംബൈ ഹീറോസ്, ജിയോ ഹോട്ട്സ്റ്റാറിൽ വൈകിട്ട് ആറ് മണിക്ക്...’’ എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ഉണ്ണി മുകുന്ദന്റെ നേതൃത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സ് നാളെ മുംബൈ ഹീറോസിനെ നേരിടാനൊരുങ്ങുകയാണ്.

Ads by Google
Saturday 17 Jan 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google