ശക്തമായ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോഴിതാ ജീവിതത്തില്‍ താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ തുറന്നുപറയുകയാണ് താരം.
തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്നാണ് പാര്‍വതി പറയുന്നത്. 2021-ലാണ് അവസാനമായി ആത്മഹത്യാ പ്രവണത തോന്നിയത്. താന്‍ വളരെ നിസഹായയാണെന്ന് തോന്നിയിരുന്നു. ജീവിതത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നു അത്. വലിയ ഏകാന്തതയാണ് താന്‍ അനുഭവിച്ചത്. ആ കാലത്തിലൂടെ കടന്നുപോകുന്നത് വേദനാജനകമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു. ഹൗട്ടര്‍ഫ്‌ളൈയിലെ പോഡ്കാസ്റ്റായ ദി മെയില്‍ ഫെമിനിസ്റ്റില്‍ സംസാരിക്കുകയായിരുന്നു താരം.
തെറാപ്പിയിലൂടെയാണ് താന്‍ ഇതിനെ മറികടന്നതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. രണ്ട് താരം തെറാപ്പികളാണ് ഇപ്പോഴുളളത്. ഇഎംഡിആര്‍ ( ഐ മൂവ്‌മെന്റ് ഡീസെന്‍സിറ്റൈസേഷന്‍ ആന്‍ഡ് റീപ്രൊസസിങ്) ആണ് ഒന്ന്. മാനസികാഘാതം അഥവാ ട്രോമയെ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന തെറാപ്പിസ്റ്റിനെയാണ് ഇതിനായി സമീപിക്കുന്നത്. കൂടാതെ തനിക്കൊരു സെക്‌സ് തെറാപ്പിസ്റ്റ് ഉണ്ടെന്നും പാര്‍വതി പറയുന്നു.
ഇപ്പോഴത്തെ തെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മോശം തെറാപ്പിസ്റ്റുകളുടെ അടുത്ത് പോകേണ്ടിവന്നിട്ടുണ്ട്. പൊതുരംഗത്തുളള വ്യക്തിയെന്ന നിലയില്‍ താന്‍ ആരാണെന്ന മുന്‍ധാരണകളില്ലാത്ത തെറാപ്പിസ്റ്റിനെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യസമയത്തെ തെറാപ്പിസ്റ്റുകള്‍ യുഎസ്സില്‍ നിന്നുളളവരായിരുന്നു. അവരുടെ സമയമനുസരിച്ച് പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമെല്ലാമായിരുന്നു തെറാപ്പി സെഷനുകളെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.