Sunday, March 15, 2026 Last Updated 8 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 01.21 PM

‘അര്‍ഷദിന്റെ വാക്കുകള്‍ ആഴത്തില്‍ വേദനിപ്പിച്ചു; റിലീസിന് ശേഷം കിട്ടിയ പ്രശംസകള്‍ക്ക് നന്ദി പറഞ്ഞ് എന്നെ വിളിച്ചിരുന്നു; പരാതിപ്പെടാൻ ഒരു കാരണവുമില്ലായിരുന്നു...’ പ്രിയദര്‍ശന്‍

ഗോഡ്ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് ഹല്‍ചല്‍ ആക്കിയപ്പോള്‍ അതില്‍ ജഗദീഷിന്റെ കഥാപാത്രമായി എത്തിയത് അര്‍ഷദ് വാര്‍സിയായിരുന്നു. എന്നാല്‍ ആ സിനിമ തനിക്ക് മോശം അനുഭവമാണ് തന്നതെന്ന് അര്‍ഷദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് കേട്ടുണ്ടായ വിഷമം പങ്കിടുകയാണ് പ്രിയദര്‍ശന്‍.
Priyadarshan, Hulchul movie,  Arshad Warsi
Priyadarshan reacts to Arshad Warsi's comment on Hulchul

ക്ലാസിക് എവര്‍ഗ്രീന്‍ റിപ്പീറ്റഡ് വാല്യൂവുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. പൂച്ചക്ക് ഒരു മുക്കുത്തി എന്ന സിനിമയിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച പ്രിയദര്‍ശന്‍ പിന്നീട് പ്രേക്ഷകരിഷ്ടപ്പെടുന്ന സിനിമകളിലൂടെ മലയാളത്തിന്റെ മാത്രമല്ല ഹിന്ദി, തമിഴ് ഭാഷകളിലും തിരക്കുള്ള ഫിലിംമേക്കറായി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റ് സിനിമകളും പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. അതില്‍ മിക്കതും ബ്ലോക്ബസ്റ്റര്‍ വിജയങ്ങളായിട്ടുമുണ്ട്.
ഇപ്പോഴിതാ ‘ഹല്‍ചല്‍’ എന്ന തന്റെ സിനിമയെക്കുറിച്ച്‌ നടൻ അർഷാദ് വാർസി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. അദ്ദേഹത്തിന്റെ പരാതി തന്നെ ഞെട്ടിച്ചെന്നും പ്രിയദർശൻ പറഞ്ഞു. റിലീസിന് ശേഷം അര്‍ഷദ് വിളിച്ചുവെന്നും, തനിക്ക് ഇതുപോലെ പ്രശംസ കിട്ടുമെന്ന് കരുതിയിരുന്നില്ല എന്ന് പറയുകയും ചെയ്തിരുന്നെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.
‘‘അദ്ദേഹം പറഞ്ഞത് വായിച്ചപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ചിലപ്പോള്‍ അദ്ദേഹം പറഞ്ഞത് തെറ്റായി വ്യഖ്യാനിച്ചതാകും. പക്ഷെ അദ്ദേഹം പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞെട്ടിക്കുന്നതാണ്. റിലീസിന് ശേഷം, വാർസി വിളിച്ച് എന്നോട് പറഞ്ഞു, പ്രിയൻ സാർ, എനിക്ക് ഈ രീതിയിൽ പ്രശംസ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ എന്ന്.
എന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നിട്ടും അര്‍ഷദ് അങ്ങനെ പറയാൻ കാരണം എന്തായിരിക്കും? ഈ ആരോപണങ്ങളിൽ ഞാൻ ആഴത്തിൽ വേദനിക്കുന്നു. പരാതിപ്പെടാൻ അര്‍ഷദിന് യാതൊരു കാരണവുമില്ലായിരുന്നു. പിന്നെ എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അര്‍ഷദിന്റെ ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു...’’ പ്രിയദര്‍ശന്‍ പറയുന്നു. ബോളിവുഡ് ചിത്രം ഹല്‍ചലില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അര്‍ഷദിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഹല്‍ചല്‍ തനിക്കൊരു ദുരനുഭവം ആയിരുന്നുവെന്നാണ് അര്‍ഷദ് പറഞ്ഞത്. തനിക്ക് വലിയ റോളാണ് വാഗ്ദാനം ചെയ്തതെങ്കിലും കിട്ടിയത് ചെറിയ റോളാണെന്നുമായിരുന്നു അര്‍ഷദ് വാർസിയുടെ ആരോപണം. ഇതിനോടാണ് പ്രിയദർശൻ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

തന്റെ സിനിമകളെക്കുറിച്ചും സിനിമായാത്രകളെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് അര്‍ഷദ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹല്‍ചല്‍’ സിനിമയെക്കുറിച്ച് സംസാരിച്ചത്.
‘‘ഹല്‍ചല്‍ മോശം അനുഭവമായിരുന്നു. ആ സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു, ധാരാളം സിനിമകൾ ചെയ്തുകൊണ്ടിരുന്നു പ്രിയദര്‍ശന്‍ ആണ് സംവിധായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുണ്ടെന്നാണ് നിർമാതാവ് നീരജ് വോറ എന്നോട് പറഞ്ഞത്. എനിക്ക് ‘വൗ’ എന്ന തോന്നൽ ഉണ്ടായിരുന്നു. എന്റെ വേഷം ഞാൻ ചോദിച്ചു, ‘ഹേരാ ഫേരി’യിൽ അക്ഷയ് കുമാർ അവതരിപ്പിച്ചതിന് സമാനമായ ഒരു വേഷമായിരിക്കും ചിത്രത്തിലെ എന്റെ വേഷമെന്ന് നീരജ് എന്നോട് പറഞ്ഞു. അങ്ങനെ കരുതി ഞാൻ അതെ എന്ന് പറഞ്ഞു.
എന്നാല്‍ സെറ്റില്‍ എത്തിയപ്പോള്‍ അത് നായകന്റെ സുഹൃത്ത് കഥാപാത്രമായി മാറി. അത് എനിക്ക് വലിയൊരു അടി കിട്ടിയത് പോലെയായിരുന്നു. എനിക്ക് കിട്ടിയ കോസ്റ്റ്യൂമുകളും വലിയ അളവിലുള്ളതായിരുന്നു. എനിക്ക് ഒരു നൈറ്റിയാണോ അതോ ഷർട്ടാണോ ധരിക്കാന്‍ തരുന്നത് എന്നു പോലും സംശയിച്ചു. പിന്നീട് ചീഫ് എഡി അതേ ഷര്‍ട്ട് ധരിച്ചിരിക്കുന്നതും ഞാന്‍ കണ്ടു. അതോടെ ഞാന്‍ ഈ സിനിമയ്ക്കായി എന്റെ സ്വന്തം കോസ്റ്റ്യൂമുകള്‍ ധരിക്കാന്‍ തുടങ്ങി. പ്രിയനും ഇതേക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്ന് തോന്നുന്നു. അത് അദ്ദേഹത്തിന്റെ തെറ്റല്ല.
ഇതൊരു ദുരന്തമാണെന്ന് എനിക്ക് മനസിലായി. പക്ഷെ കമ്മിറ്റ് ചെയ്തതാണ്, അതിനാല്‍ പൂര്‍ത്തിയാക്കി. എന്നാല്‍ എനിക്ക് അത് ഒരു മോശം അനുഭവമായിരുന്നു. പ്രിയന് അത് അറിയുമായിരുന്നു എന്ന് തോന്നുന്നില്ല...’’ എന്നായിരുന്നു അര്‍ഷദ് വാര്‍സിയുടെ അഭിമുഖത്തില്‍ പറഞ്ഞത്.
മലയാള ചിത്രം ഗോഡ്ഫാദറിന്റെ ഹിന്ദി റീമേക്കാണ് പ്രിയദര്‍ശന്‍ ഒരുക്കിയ ഹല്‍ചല്‍. അക്ഷയ് ഖന്ന, കരീന കപൂർ, സുനില്‍ ഷെട്ടി, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അംരീഷ് പുരി, പരേഷ് റാവല്‍ എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു.
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ‘ഹൈവാൻ’ ഉടൻ തിയേറ്ററുകളിലെത്തും. അർഷാദ് വാർസിക്കും ഒരുപാട് സിനിമകളുണ്ട്. കോമഡി ചിത്രമായ ‘ധമാൽ 4’, ചിത്രീകരണം പൂർത്തിയായി ഈ വർഷത്തെ ഈദിനോടനുബന്ധിച്ച് റിലീസ് ചെയ്യും.

Ads by Google
Wednesday 07 Jan 2026 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google