Wednesday, March 18, 2026 Last Updated 26 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 29 Nov 2025 12.50 PM

'അടുത്ത 100 ജന്മത്തിലും രജനികാന്ത് ആയി തന്നെ ജനിക്കണം, സിനിമയിലെ 50 വര്‍ഷം 10-15 വര്‍ഷം പോലെയാണ് തോന്നിയത്'; വികാരാധീനനായി സൂപ്പര്‍സ്റ്റാര്‍

-rajinikanth

ഗോവയിൽ നടന്ന 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സമാപന ചടങ്ങിൽ, ചലച്ചിത്രമേഖലയിൽ 50 വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനീകാന്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ഇപ്പോഴിതാ ചടങ്ങിൽ രജനികാന്ത് സംസാരിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് തനിക്ക് ആഗ്രഹമെന്നും രജനികാന്ത് പറഞ്ഞു.

'സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് 10 -15 വർഷം പോലെയാണ് തോന്നിയത് കാരണം എനിക്ക് സിനിമയും അഭിനയവും അത്രക്ക് ഇഷ്ടമാണ്. അടുത്ത 100 ജന്മത്തിലും ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു', രജനിയുടെ വാക്കുകൾ.

ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനി ചിത്രം. സിനിമയ്ക്കായി ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ഭാഗമായ ജയിലർ ബോക്സ് ഓഫീസിൽ തീർത്ത ആരവം തന്നെയാണ് അതിന് പ്രധാന കാരണവും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

2023ൽ ആയിരുന്നു നെൽസൺ സംവിധാനത്തിൽ ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി. ജയിലറിൽ വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി ടി വി ഗണേഷ് എന്നിവർക്കൊപ്പം മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ നിർമൽ ആയിരുന്നു. ജയിലർ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Ads by Google
Saturday 29 Nov 2025 12.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google