തിരുവനന്തപുരം: തന്നെ വിജയിപ്പിച്ചവര്‍ക്ക് വേണ്ടി രാഹുല്‍ പ്രചാരണം നടത്തുന്നുണ്ടാകാമെങ്കിലും കോണ്‍ഗ്രസ് വേദിയില്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് കെ. മുരളീധരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ അദ്ദേഹത്തിന് പ്രവേശനമില്ലെന്നും സ്ഥാനാര്‍ത്ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരെ ആ നിലയ്ക്ക് കണ്ടാല്‍ മതിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്നതിനെതിരേ രണ്ടുപക്ഷമുണ്ട്.
രാഹുല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടയാളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. അതേസമയം രാഹുല്‍ കോണ്‍ഗ്രസില്‍ സജീവമാകണമെന്നും അദ്ദേഹം നിരപരാധിയാണെന്നുമായിരുന്നു കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞത്.
രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. അതേസമയം ആരോപണങ്ങളില്‍ കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും മൗനം പാലിക്കുകയാണ്.