Tuesday, March 17, 2026 Last Updated 12 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Friday 14 Nov 2025 05.48 PM

‘‘മമ്മൂക്ക ചെയ്താല്‍ നല്ലതായിരിക്കുമെന്ന്‌’ പൃഥ്വിരാജ് നിർദ്ദേശിച്ചു...’’തങ്ങളുടെ മനസ്സിലെ ആഗ്രഹം പൃഥ്വിരാജ് പറഞ്ഞതിനെപ്പറ്റി സംവിധായകൻ ജിതിൻ കെ ജോസ്

മമ്മൂട്ടിയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവല്‍. ഇപ്പോഴിതാ ഈ സിനിമയിലേക്ക് മമ്മൂട്ടിയുടെ പേര് നിര്‍ദ്ദേശിച്ചതില്‍ പൃഥ്വിരാജിനും പങ്കുണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ജിതിന്‍ കെ ജോസ്.
Mammootty, Kalankaval movie, Director Jithin K jose, Prithviraj Sukumaran
Prithviraj Sukumaran and Mammootty

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കായി വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരു ഉത്സവം പോലെയാണ് മമ്മൂട്ടിചിത്രങ്ങളെ ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഏറെ കാലത്തിനു ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ജിതിൻ കെ. ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കളങ്കാവൽ’. മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണിത്.
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും പങ്കിടുന്ന ‘കളങ്കാവല്‍’ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയതാണ്.
ഇപ്പോഴിതാ ഈ സിനിമയില്‍ വിനായകൻ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് പൃഥ്വിരാജ് സുകുമാരനെയാണെന്ന് പറയുകയാണ് സംവിധായകൻ ജിതിൻ കെ ജോസ്.
‘‘ഈ സിനിമയുടെ സ്ക്രിപ്റ്റിന്റെ ചര്‍ച്ചകള്‍ പല സോഴ്സുകളില്‍ നിന്നു കിട്ടിയ അറിവുകള്‍ ഡെവലപ്പ് ചെയ്തിട്ടാണ് വന്നത്. രണ്ട് ശക്തമായ കഥാപാത്രങ്ങള്‍ക്ക് തുല്യ ഇടം നല്‍കുന്ന ഒരു കഥയാണ് കളങ്കാവല്‍. അങ്ങനെയുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ ഒരു കഥാപാത്രം മമ്മൂട്ടി ചെയ്താല്‍ നല്ലതാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. നേരിട്ടു പറഞ്ഞാല്‍ ഈ കഥ മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുമെന്ന ആത്മവിശ്വാസവും വന്നു. അതിനു ശ്രമിച്ചു നോക്കാമെന്നും തീരുമാനിച്ചു.
ഞാന്‍ ‘വാമാംഗം’ എന്ന സിനിമയില്‍ സജി പിള്ളയ്ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്കു ​ചെയ്തിരുന്നു. അങ്ങനെ കിട്ടിയ സുഹൃത്തുക്കള്‍ അസോസിയേറ്റ് ചെയ്തിരുന്ന പ്രൊജക്ടുമായി കൂടുതല്‍ കണക്ടഡ് പൃഥ്വിരാജായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ അടുത്തു കൂടെ പോയി നോക്കാമെന്ന് അവര്‍ പറഞ്ഞു. പൃഥ്വിരാജിനെ സമീപിച്ച് കഥ പറഞ്ഞു. സിനിമ വച്ച് മനസ്സില്‍ തോന്നിയ രണ്ടു കഥാപാത്രങ്ങള്‍ മമ്മൂക്കയും പൃഥ്വിരാജുമായിരുന്നു. ആ പോസിബിലിറ്റി ആരാഞ്ഞു നോക്കാം എന്നു കരുതിയാണ് അദ്ദേഹത്തിന്റെയടുത്ത് പോയത്. ആ കാര്യം പക്ഷേ അദ്ദേഹത്തോട് അവതരിപ്പിച്ചില്ല. പക്ഷേ കഥ കേട്ട് കഴിഞ്ഞപ്പോള്‍, ‘അതി​ലൊരു മമ്മൂക്ക ചെയ്താല്‍ നല്ലതായിരിക്കുമെന്ന്‌’ പൃഥ്വിരാജ് നിർദ്ദേശിച്ചു. ഞങ്ങളുടെ മനസ്സിലുമത് ഉണ്ടായിരുന്നു, അത് കരുതിയാണ് ഇങ്ങോട്ട് വന്നതെന്ന് പൃഥ്വിരാജിനോട് ഞങ്ങള്‍ പറഞ്ഞു.
പൃഥ്വിരാജിനു വേണ്ടി നീക്കിവെച്ചിരുന്നത്‌ വിനായകൻ ചെയ്ത കഥാപാത്രമായിരുന്നു. മമ്മൂക്കയിലേക്ക് എത്തിയ ശേഷം മറ്റേ കഥാപാത്രത്തിന് ചില പ്രോസസ്സിംഗ് നടത്തി. പിന്നീട്‌ മമ്മൂക്കയുടെ ലഭ്യത കണക്കിലെടുത്താണ്‌ ഷൂട്ടിലേക്ക്‌ കടന്നത്‌. ആ സമയത്ത്‌ പൃഥ്വിരാജ് ‘എമ്പുരാൻ’ അടക്കമുള്ള ചിത്രങ്ങളുടെ തിരക്കിലായി. അപ്പോഴാണ്‌ മറ്റ് ഓപ്ഷന്‍സുകള്‍ നോക്കിയത്‌. ഈ രണ്ടാമത്തെ കഥാപാത്രത്തിലേക്ക്‌ വിനായകനെ നിർദ്ദേശിച്ചത്‌ മമ്മൂക്കയാണ്‌...’’ ജിതിന്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ വൈകുന്നേരം ആറ്‌ മണിക്ക്‌ പുറത്തുവിടുമെന്ന അറിയിപ്പ്‌ വന്നതിന്‌ പിന്നാലെയാണ് ജിതിന്‍ ഇക്കാര്യം ക്ലബ് എഫ്‌എമ്മിന്‌ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

Mammootty, Kalankaval movie, Director Jithin K jose, Prithviraj Sukumaran
Director jithin k jose about kalankaval movie (Image Source: Facebook)

മമ്മൂട്ടി കമ്പനി നിർമ്മിച്ച കളങ്കാവല്‍, ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയെയും വിനായകനെയും കൂടാതെ ഇതില്‍ ജിബിൻ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം ആരാധകർ കാത്തിരുന്ന കളങ്കാവലിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയും വിനായകനും തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലിന്റെ ഒരു ഹൃദ്യമായ കാഴ്ച്ചയാണ് ട്രെയിലറില്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് പലരും കമന്റ് ബോക്സിൽ കുറിച്ചിട്ടുണ്ട്. വിനായകനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാകും എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ.
പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അമ്പരപ്പിക്കുന്ന മമ്മൂട്ടി മാജിക് വെള്ളിത്തിരയിലെത്തുന്നു എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍, മമ്മൂട്ടിക്കൊപ്പം ഗംഭീരപ്രകടനത്തിലൂടെ വിനായകനും ​ട്രെയിലറില്‍ തിളങ്ങുന്നുണ്ട്. ഒറ്റഷോട്ടില്‍ മാത്രം മമ്മൂട്ടിയെ അവതരിപ്പിച്ചുകൊണ്ട്, താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകരില്‍ വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

Ads by Google
Friday 14 Nov 2025 05.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google