Friday, March 20, 2026 Last Updated 32 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 13 Nov 2025 10.47 AM

പദ്ധതിയിട്ടത് ഡല്‍ഹിയില്‍ ആറ് പരമ്പര സ്ഫോടനങ്ങള്‍ ; നടപ്പാക്കാനിരുന്നത് അഞ്ചിന പദ്ധതി ; എല്ലാം പൊളിച്ചത് അവസാന രണ്ട് പ്ലാനുകള്‍

uploads/news/2025/11/810583/delhi-blast.jpg

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ചെങ്കോട്ടയ്ക്ക് സമീപത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷകര്‍ കണ്ടെത്തിയിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ജയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംശയിക്കപ്പെടുന്ന ഭീകര സംഘടന ഡിസംബര്‍ 6 ന് ദേശീയ തലസ്ഥാന മേഖലയിലെ ആറ് സ്ഥലങ്ങളില്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു.

തീയതി പ്രധാനമാണ്: 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയതിനുള്ള പ്രതികാരമായി പരമ്പരസ്‌ഫോടനം ആയിരുന്നു ലക്ഷ്യമിട്ടതെന്ന് ഉന്നത ഇന്റലിജന്റ്‌സ് വിഭാഗം പറയുന്നു. ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിച്ചതിനാലാണ് സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരര്‍ ഈ തീയതി തിരഞ്ഞെടുത്തതെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.

ദേശീയ തലസ്ഥാന മേഖലയില്‍ പരമ്പര സ്ഫോടനങ്ങള്‍ നടത്താന്‍ ഘട്ടം ഘട്ടമായുള്ള പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് ഡല്‍ഹിയിലെ സ്‌ഫോടനം ഉണ്ടായതെന്ന് 'ഭീകര വൈറ്റ്‌കോളര്‍ മൊഡ്യൂളി'ലെ അംഗങ്ങള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിട്ടുണ്ട്:

ഘട്ടം 1: ജെയ്ഷെ-ഇ-മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂളിന്റെ രൂപീകരണം.

ഘട്ടം 2: ഹരിയാനയിലെ നൂഹില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നും ലഭ്യമാക്കിയ, ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) കൂട്ടിച്ചേര്‍ക്കുന്നതിനും വെടിമരുന്ന് ക്രമീകരിക്കുന്നതിനുമുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണം.

ഘട്ടം 3: മാരകമായ കെമിക്കല്‍ ഐഇഡികളുടെ നിര്‍മ്മാണവും സാധ്യതയുള്ള ലക്ഷ്യ സ്ഥലങ്ങളുടെ നിരീക്ഷണം.

ഘട്ടം 4: നിരീക്ഷണത്തെത്തുടര്‍ന്ന് മൊഡ്യൂളിലെ അംഗങ്ങള്‍ക്കിടയില്‍ അസംബിള്‍ ചെയ്ത ബോംബുകളുടെ വിതരണം.

ഘട്ടം 5 (അവസാനം): ഡല്‍ഹിയിലെ ആറ് മുതല്‍ ഏഴ് വരെ സ്ഥലങ്ങളില്‍ ഏകോപിത ബോംബാക്രമണങ്ങള്‍ നടത്തുക.

ഈ വര്‍ഷം ഓഗസ്റ്റില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു യഥാര്‍ത്ഥ പദ്ധതി, എന്നാല്‍ പ്രവര്‍ത്തനത്തിന് കാലതാമസം നേരിട്ടതോടെ പ്ലാന്‍ മാറ്റുകയും ഒരു പുതിയ തീയതി തിരഞ്ഞെടുക്കുകയുമായിരുന്നു. അതാണ് ബാബറി മസ്ജിദ് പൊളിച്ചതിന്റെ വാര്‍ഷികമായ ഡിസംബര്‍ 6 തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഈ പദ്ധതികളെല്ലാം പൊളിച്ചത് ഫരീദാബാദില്‍ നടന്ന റെയ്ഡുകളാണ്. അമോണിയം നൈട്രേറ്റ് എന്ന് കരുതപ്പെടുന്ന 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളും തോക്കും റെയ്ഡില്‍ കണ്ടെടുത്തു. പിന്നാലെ ഡോക്ടര്‍മാരായ മുസമ്മില്‍ ഷെയ്ക്കും ഷഹീന്‍ സയീദും അറസ്റ്റിലാകുകയും കൂടി ചെയ്തതോടെ ഉമര്‍ പരിഭ്രാന്തനായതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഉന്നത വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ജെയ്ഷെ പുതുതായി രൂപീകരിച്ച ഭീകര സംഘടനയിലെ അംഗങ്ങളാണ് ഈ ഡോക്ടര്‍മാരെന്ന് സംശയിക്കുന്നു. ദേശീയ തലസ്ഥാന മേഖലയില്‍ ഒരു വലിയ ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നതായും അത് നടപ്പിലാക്കുന്നതിനായി സ്ഫോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവെച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി.

Ads by Google
Thursday 13 Nov 2025 10.47 AM
YOU MAY BE INTERESTED
Ads by Google
Ads by Google