Tuesday, March 17, 2026 Last Updated 2 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 10 Nov 2025 05.12 PM

‘‘വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ച പാട്ട്; വാപ്പിച്ചിയുടെ ഖബറിന് തണലായി ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ...’’ നൊമ്പരകുറിപ്പുമായി കലാഭവൻ നവാസിന്റെ മക്കൾ

കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിന്റെ നൊമ്പരത്തില്‍ നിന്ന് താരത്തിന്റെ കുടുംബം മുക്തരായിട്ടില്ല. ഇപ്പോഴിതാ തങ്ങളുടെ വാപ്പിച്ചിയും ഉമ്മിച്ചിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പങ്കിടുന്ന കുറിപ്പ് പങ്കിടുകയാണ് നവാസിന്റെ മക്കൾ. ​
Kalabavan navas, rehna navas, kalabhavan navas's children
Kalabhavan navas children share his father's song (Image Source: Instagram)

കലാഭവൻ നവാസിന്റെ വേർപാട് കലാലോകത്തെ മാത്രമല്ല ആരാധകരെയും തീരാനൊമ്പരത്തിലാക്കിയതാണ്. കേട്ടറിഞ്ഞവർക്ക് പോലും ആ വിങ്ങലിൽ നിന്ന് ഇതുവരെ മുക്തരാകാൻ കഴിഞ്ഞിട്ടില്ല. നവാസിന്റെ കുടുംബം ഇന്നും ആ വേർപാടിന്റെ ആഴക്കയത്തിൽ നിന്ന് കരകയറിയിട്ടില്ല. നവാസിന്റെ മരണശേഷം മക്കൾ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വാപ്പിച്ചിയും ഉമ്മച്ചിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. വായിക്കുന്ന ഏതൊരാൾക്കും വിങ്ങലാണ് ഈ കുറിപ്പുകൾ.
ഇപ്പോഴിതാ കലാഭവൻ നവാസിന്റെ മക്കള്‍ പങ്കിട്ട വൈകാരികമായ മറ്റൊരു കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ഹൃദയം തൊടുകയാണ്. നവാസ് അവസാനമായി ഭാര്യക്ക് അയച്ചുകൊടുത്ത ഗാനവും ഒപ്പം വൈകാരികമായ ഒരു അനുഭവവും പങ്കുവെച്ചായിരുന്നു മക്കളുടെ കുറിപ്പ്. ജീവിച്ചിരുന്നപ്പോള്‍ ഭാര്യക്ക് തണലായിരുന്ന നവാസ്, വിടവാങ്ങിയ ശേഷവും സ്നേഹത്തിന്റെ ഓർമ്മകളായി നിലനില്‍ക്കുന്നതിനെക്കുറിച്ചാണ് മക്കള്‍ ഹൃദ്യമായി കുറിച്ചിരിക്കുന്നത്. നവാസിന്റെ ഖബറിടത്തില്‍ ഭാര്യ നട്ട മൈലാഞ്ചി ചെടികള്‍ തണലാകുന്ന കാഴ്ചയാണ് അവരെ ഈ ഓർമ്മകള്‍ പങ്കുവെക്കാൻ പ്രേരിപ്പിച്ചത്.
‘‘ഇത് വാപ്പിച്ചി July 30ന് രാത്രി 11 മണിക്ക് പാടി ഉമ്മിച്ചിക്ക് അയച്ചുകൊടുത്ത പാട്ട്...ഇതാണ് വാപ്പിച്ചി ഉമ്മിച്ചിക്ക് അവസാനമായിട്ട് അയച്ചു കൊടുത്ത പാട്ട്.
വാപ്പിച്ചി പോവുന്നതിന് ഒരു മാസം മുൻപ് ഉമ്മിച്ചി മൈലാഞ്ചിച്ചെടി മുറിച്ച കമ്പുകൾ ഒരു ചെടി ചട്ടിയിൽ നട്ടു. അത് കണ്ടുനിന്ന വാപ്പിച്ചി ഉമ്മിച്ചിയോട് പറഞ്ഞു നീ ഇത് വേരുപിടിക്കുമ്പോൾത്തന്നെ നടരുത്, നല്ല സ്ഥലം നോക്കി വച്ചാൽ മതിയെന്ന്. വാപ്പിച്ചി പോയിക്കഴിഞ്ഞു വാപ്പിച്ചീടെ ഖബറിൽ നട്ട പൂച്ചെടി പിടിച്ചു... പക്ഷെ കുത്തിയ മൈലാഞ്ചി കമ്പ് ഉണങ്ങിതുടങ്ങിയെന്ന്‌ ഞങ്ങൾ ഉമ്മിച്ചിയോട് പറഞ്ഞു.
അപ്പോഴാണ് വാപ്പിച്ചി സ്ഥലം പറയാമെന്നു പറഞ്ഞ, ഉമ്മിച്ചി നട്ട മൈലാഞ്ചികമ്പുകൾ ഓർത്തത്‌...ഓഗസ്റ്റ് 8 ന് വാപ്പിച്ചിയുടെ ഖബറിൽ നടാൻ ഉമ്മച്ചിയുടെ സഹോദരിയുടെ ഭർത്താവിന്റെ കൈയ്യിൽ ആ മൈലാഞ്ചിതൈകൾ നടാൻ കൊടുത്തുവിട്ടു.
അത് നന്നായി പിടിച്ചു. ജീവിച്ചിരിക്കുമ്പോൾ ഉമ്മിച്ചിക്ക് തണലായിരുന്നു വാപ്പിച്ചി. ആ വാപ്പിച്ചിയുടെ ഖബറിന് ഉമ്മിച്ചി നട്ട മൈലാഞ്ചിചെടികൾ തണലാവുന്നു. എന്തൊരു മനസ്സായിരിക്കും അല്ലെ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും. പടച്ചവൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു..’’ വീഡിയോ പങ്കിട്ട് നവാസിന്റെ മക്കൾ കുറിച്ചു.
കലാഭവൻ നവാസിന്റെയും ഭാര്യ രഹ്നയുടെയും സ്നേഹബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് അവരുടെ മക്കളുടെ ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ജീവിതയാത്രയില്‍ പരസ്പരം താങ്ങും തണലുമായിരുന്ന ഇരുവരും, വേർപാടിന് ശേഷവും സ്നേഹത്തിന്റെ ഓർമ്മകളാല്‍ പരസ്പരം ചുറ്റിപ്പിണഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നവാസിന്റെ മക്കള്‍ പങ്കിട്ട ഈ കുറിപ്പ് നിരവധി പേരെ നൊമ്പരപെടുത്തുന്നുണ്ട്.

Ads by Google
Monday 10 Nov 2025 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google