Wednesday, March 18, 2026 Last Updated 7 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 06 Nov 2025 12.06 PM

' അവാര്‍ഡുകള്‍ കണ്ടിട്ട് അല്ല ഒരു കലാകാരനും മുന്‍പോട്ട് പോകുന്നത്, പക്ഷേ അതൊരു പ്രചോദനമാണ്, പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോള്‍' ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്‍ സിന്‍സീര്‍

the, awards

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ബാലതാരം, കുട്ടികളുടെ സിനിമ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കാത്തത് വിവാദമായിരിക്കുകയാണ്. പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകളോ പ്രകടനങ്ങളോ ഇല്ലെന്നാണ് ജൂറി ചെയര്‍മാനായ പ്രകാശ് രാജ് പറഞ്ഞ വാദം. ഇപ്പോഴിതാ നടനും നിര്‍മാതാവുമായ സിന്‍സീറും ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്്.

ഈ വര്‍ഷം സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ പോലെ ഒരു സിനിമ ഉണ്ടായിട്ടും കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിലോ, മികച്ച ബാലതാരം എന്ന വിഭാഗത്തിലോ പരിഗണിക്കാന്‍ ഉതകുന്ന ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന ജൂറിയുടെ പ്രസ്താവന തികച്ചും വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിന്‍സീറിന്റെ കുറിപ്പ് :

എനിക്ക് മുൻപും മനസിലാവാത്ത ഒരു വിഷയമാണ് എന്തു കൊണ്ടാണ് സംസ്ഥാന അവാർഡിൽ കുട്ടികളുടെ ചിത്രമായി പരിഗണിക്കണമെങ്കിൽ അത് അതേ കാറ്റഗറിയിൽ സെൻസർ ചെയ്യണമെന്ന് പറയുന്നതെന്ന്, ദേശീയ അവാർഡിൽ എത്തുമ്പോൾ അത് ജൂറിയുടെ തീരുമാനമാണ് , എന്ന് വെച്ചാൽ ചിത്രം ഫീച്ചർ സിനിമയായി സെൻസർ ചെയ്താലും ആ സിനിമ ജൂറിക്ക് വേണമെങ്കിൽ കുട്ടികളുടെ സിനിമയായി പരിഗണിക്കാം.

ഇനി സംസ്ഥാന അവാർഡിലേക്ക് വന്നാൽ കുട്ടികളുടെ സിനിമയായി സെൻസർ ചെയ്താൽ ആ ചിത്രം പൊതു വിഭാഗത്തിൽ പരിഗണിക്കപ്പെടുകയുമില്ല (As per 2020 R&R ). 2021 ൽ ഞങ്ങളുടെ സിനിമ Bonamy മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ആ ചിത്രം മറ്റ് വിഭാഗങ്ങളിൽ പരിഗണിക്കപ്പെട്ടില്ല . ആ വർഷം ജൂറി ,കുട്ടികളുടെ ചിത്രം മറ്റ് വിഭാഗങ്ങളിൽ കൂടി പരിഗണിക്കപ്പെടണം എന്ന് പറഞ്ഞ് സർക്കാരിന് നിർദേശം നൽകിയിരുന്നു. പക്ഷേ നാല് വർഷം ഇപ്പുറം അതിന് ഒരു ഭേദഗതിയും അക്കാദമി കൊണ്ട് വന്നിട്ടില്ല.ജൂറിയുടെ നിർദേശങ്ങൾ ഏതെങ്കിലും കാലത്ത് സർക്കാരോ അക്കാദമിയോ കണക്കിലെടുത്തിരുന്നുവോ എന്ന് സംശയമുണ്ട്

ഈ വർഷം സ്ഥാനാർഥി ശ്രീക്കുട്ടൻ പോലെ ഒരു സിനിമ ഉണ്ടായിട്ടും , കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിലോ, മികച്ച ബാലതാരം എന്ന വിഭാഗത്തിലോ പരിഗണിക്കാൻ ഉതകുന്ന ചിത്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന ജൂറിയുടെ പ്രസ്താവന തികച്ചും വേദനാജനകമാണ് , ഈ ചിത്രം കുട്ടികളുടെ സിനിമ ആയല്ല സെൻസർ ചെയ്തതെങ്കിലും ഇതിലെ ബാലതാരങ്ങളുടെ പ്രകടനങ്ങൾക്ക് നേരെയും ജൂറി കണ്ണടച്ച് ആ വിഭാഗത്തിൽ അവാർഡ് തന്നെ ഒഴിവാക്കിയ തീരുമാനം തികച്ചും അപലപനീയമാണ്

പലപ്പോഴായി സിനിമാ മേഖലയിലെ പലരോടും ഉന്നയിച്ചിട്ടുള്ള വിഷയമാണ് മേൽപറഞ്ഞത് , ഇനി അടുത്ത വർഷമെങ്കിലും അക്കാദമി ഈ വിഷയത്തിൽ പുനർചിന്തനം നടത്തുമെന്ന് കരുതുന്നു.

ഈ അവാർഡുകൾ ഒന്നും കണ്ടിട്ട് അല്ല ഒരു കലാകാരനും തങ്ങളുടെ കലയെ സ്നേഹിക്കുന്നതും മുൻപോട്ടു പോകുന്നതും , പക്ഷേ ഈ അംഗീകാരങ്ങളൊക്കെ ഒരു പ്രചോദനമാണ് , പ്രത്യേകിച്ച് അത് കുഞ്ഞുങ്ങളുടെ കാര്യമാവുമ്പോൾ.

Ads by Google
Thursday 06 Nov 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google