Wednesday, March 18, 2026 Last Updated 25 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 05 Nov 2025 09.23 AM

സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിട്ട് സൈജു കുറുപ്പ്; എം.ജിയുടെ വീട്ടില്‍ ചെന്നത് എയര്‍ടെല്‍ കണക്ഷന്‍ കൊടുക്കാന്‍, കിട്ടിയത് ഹരിഹരന്‍ സിനിമയിലേക്കുള്ള എന്‍ട്രി

ഇന്നത്തെ സിനിമകളിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറിയ മലയാളത്തില്‍ ഏറെ തിരക്കുള്ള താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ ‘മയൂഖം’ സിനിമയിലൂടെ താന്‍ ബിഗ് സ്ക്രീനില്‍ എത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കിടുകയാണ് സൈജു.
Saiju Kurup, Mayookham movie, Saiju completes 20 years in malayalam cinema
Saiju Kurup about completing 20 years in movie industry (Image Source: Instagram)

മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറിയ താരമാണ് സൈജു കുറുപ്പ്. ആരും ശ്രദ്ധിക്കാതെ സിനിമയുടെ ഓരം ചേര്‍ന്ന് നടന്നു പോകുന്ന താരം സ്വന്തം സ്‌റ്റൈല്‍ കൊണ്ട് മുന്നേറിയ മുന്‍ഗാമികളുടെ ഗണത്തില്‍ പെടുത്താവുന്ന താരമാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെ നായകനായി എത്തി പിന്നീട് സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ് സൈജു.
ഇപ്പോഴിതാ സിനിമയിലെത്തിയിട്ട് 20 വർഷങ്ങള്‍ പൂർത്തിയാക്കുന്ന സന്തോഷം പങ്കിടുകയാണ് സൈജു കുറുപ്പ്. 2005 നവംബർ നാലിന് തന്റെ ആദ്യചിത്രം മയൂഖം തിയേറ്ററുകളിലെത്തിയെന്ന് കുറിച്ച സൈജു അതിനു വഴിത്താരയൊരുക്കിയ എല്ലാവര്‍ക്കും നന്ദിയും കുറിച്ചിട്ടുണ്ട്.
‘‘ഇരുപത് വർഷം മുമ്പ്... 2005 നവംബർ 4 ന്... എന്റെ ആദ്യ സിനിമയായ ‘മയൂഖം’ റിലീസ് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളില്‍ ഒന്ന്. ഞാൻ ഒരു സിനിമാ നടനാകുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.
ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്, ഇതിഹാസ ചലച്ചിത്രകാരനായ ഹരിഹരൻ സാറിനും, നിർമ്മാതാവ് കെ.ആർ.ജി. സാറിനും, എം.ജി. ശ്രീകുമാർ സാറിനും, മയൂഖം സിനിമയുടെ മുഴുവൻ ടീമിനും, അലക്സ് ജെയിംസ് മുരിക്കനും (എയർടെല്ലില്‍ എന്റെ അന്നത്തെ ബോസ്), ഇളങ്കോ സാറിനും (സി.ഒ.ഒ, എയർടെല്‍) ഞാൻ നന്ദി പറയുന്നു. ദൈവം വലിയവനാണ്....’’ എന്നാണ് മയൂഖത്തിന്റെ പോസ്റ്റര്‍ പങ്കിട്ട് സൈജു കുറിച്ചത്. താരത്തിന്റെ വളര്‍ച്ചയ്ക്ക് ആശംസകളും അഭിനന്ദനങ്ങളും കമന്റുകളിലൂടെ പങ്കിടുകയാണ് ആരാധകര്‍.

എയർടെൽ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഒരിക്കൽ പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് സൈജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. യാദൃശ്ചികതകളുടെ ഘോഷയാത്രയായിരുന്നു സൈജു കുറുപ്പിന്റെ സിനിമാ അരങ്ങേറ്റം. എം.ജി.ശ്രീകുമാറാണ് ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായകനായി പുതുമുഖ നടനെ അന്വേഷിക്കുന്ന കാര്യം സൈജുവിനോട് പറയുന്നത്.
എം.ജിയുടെ അഭിപ്രായപ്രകാരം ഹരഹരനെ കാണാന്‍ പോയ സൈജു പിന്നീട് ‘മയൂഖം’ എന്ന സിനിമയില്‍ നായകനായി. മംമ്ത മോഹന്‍ദാസിനൊപ്പം സൈജു ആ സിനിമയില്‍ നായകനായി.
ഒരിക്കല്‍ തന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈജു മനസ്സ് തുറന്നിട്ടുണ്ട്. ‘‘എംജി ശ്രീകുമാർ സാറിന്റെ വീട്ടില്‍ ഒരു എയർടെല്‍ കണക്ഷൻ കൊടുക്കാൻ പോയതാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. തിരുവനന്തപുരത്തെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹമാണ് ചോദിച്ചത്, സിനിമയില്‍ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോ? എന്ന്. അത് വരെ അഭിനയമോഹം ഒന്നും തോന്നിയിരുന്നില്ലെങ്കിലും പെട്ടെന്ന് ഞാൻ യെസ് പറഞ്ഞു.
ഹരിഹരൻ സാർ ഒരു സിനിമ ചെയ്യാനൊരുങ്ങുകയാണ്, നിങ്ങളെ പോലെയുള്ള ഒരാളെയാണ് ആവശ്യം എന്നും പറഞ്ഞ് അദ്ദേഹം ഹരിഹരൻസാറിനെ ഡയല്‍ ചെയ്യുകയാണ്. സിനിമയില്‍ വന്നു കഴിഞ്ഞാല്‍ ആളുകള്‍ക്ക് എന്റെ മുഖം പരിചിതമാകും, അതെനിക്ക് സെയില്‍സില്‍ ഗുണം ചെയ്യും. ഇതൊക്കെയാണ് അപ്പോള്‍ ഞാൻ ചിന്തിച്ചത്. പടം കിട്ടുമോ എന്നു പോലും അറിയില്ല അപ്പോള്‍.
പിന്നീട് ഹരിഹരൻ സാർ പറഞ്ഞിട്ട് ഞാനദ്ദേഹത്തെ ചെന്നൈയില്‍ പോയി കണ്ടു. അദ്ദേഹത്തിന് വേണ്ടിയിരുന്നത് സാമ്പ്രദായികമായ നായകസങ്കല്‍പ്പങ്ങള്‍ ഇല്ലാത്ത ഒരാളെയായിരുന്നു. നായകനാവുന്നതിനൊപ്പം അല്‍പ്പം നെഗറ്റീവ് ഷെയ്ഡും വേണം. ചുള്ളന്മാരെ ആവശ്യമില്ലായിരുന്നു ആ കഥാപാത്രത്തിന്, അതാണ് എനിക്ക് ഭാഗ്യമായത്. വലിയ കണ്ണുകള്‍, വെളുത്ത നിറം, ആറടി ഉയരം, 25 വയസ് പ്രായം അതൊക്കെയായിരുന്നു കഥാപാത്രത്തിന് വേണ്ടിയിരുന്നത്. എന്റെ കാര്യത്തില്‍ അതെല്ലാം ഏറെക്കുറെ ഓകെ ആയിരുന്നു. അദ്ദേഹം എന്നോട് അഭിനയിച്ച്‌ പരിചയമുണ്ടോ എന്ന് ചോദിച്ചു. ഇല്ല സാർ, നല്ല സഭാകമ്പം ഉള്ള ആളാണ് ഞാനെന്നു പറഞ്ഞു. അതു സാരമില്ല, ഒരു സ്പാർക്ക് കിട്ടിയാല്‍ ഞാൻ അഭിനയിപ്പിച്ചെടുത്തോളാം എന്നായി സാർ. അങ്ങനെ എന്നെ സെലക്റ്റ് ചെയ്തു...’’ എന്നാണ് സൈജു പറഞ്ഞത്.
അതുവരെ തീര്‍ത്തും അന്തര്‍മുഖനായി വേദികള്‍ക്ക് മുന്നിലെത്താന്‍ ഭയപ്പെട്ടിരുന്ന ഒരു വ്യക്തിയില്‍ നിന്ന് മലയാള സിനിമയില്‍ ഏറെ തിരക്കുള്ള താരമായി മാറിയ സൈജു കുറുപ്പ് താരങ്ങളെ സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനായ സാക്ഷാല്‍ ഹരിഹരന്റെ സ്കൂളിലെത്തിയ ശേഷം നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹതാരമായും സൈജുവിന് അവസരങ്ങള്‍ ലഭിച്ചു. മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ ജീവിതമാണ് സൈജു കുറുപ്പ് വിജയത്തിന് കുറുക്കുവഴികളില്ലെന്ന ബോധ്യത്തോടെ നിരന്തരം തന്നിലെ അഭിനേതാവിനെ മിനുക്കിയെടുക്കുകയാണ്.

Ads by Google
Wednesday 05 Nov 2025 09.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google