മലപ്പുറം: കേരള പിഎസ്‌സി ഒക്ടോബര്‍ 14ന് നിശ്ചയിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ ബയോ കെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസര്‍ മൈക്രോ ബയോളജി പരീക്ഷകള്‍ അപ്രതീക്ഷിതമായി മാറ്റിയതില്‍ ദൂരൂഹത ആരോപിച്ച് ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പുതുക്കിയ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി അപേക്ഷിക്കാനാണ് പരീക്ഷ മാറ്റുന്നത് എന്നാണ് പിഎസ്‌സിയുടെ ന്യായം.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഒടുവിലത്തെ പുതുക്കിയ മാനദണ്ഡം ഇറങ്ങിയത് 2025 ജൂലൈയിലാണ്. പുതുക്കിയ മാനദണ്ഡം ഇറങ്ങി നാല് മാസം കഴിഞ്ഞ് നിശ്ചയിച്ച പരീക്ഷ, തലേന്ന് വൈകീട്ട് റദ്ദാക്കിയതിലാണ് ദുരൂഹത. അതത് വകുപ്പിലെ ഒഴിവിന്റെ 30 ശതമാനം വരെ എംഎസ്‌സി, പിഎച്ച്ഡികാരെ എടുക്കാം എന്നാണ് ഇളവ്. ഒഴിവിന്റെ മൂന്നിരട്ടിയോളം എംഡി കഴിഞ്ഞ അപേക്ഷകര്‍ ഉണ്ടായിരിക്കേ, എന്തിനാണ് പരീക്ഷകള്‍ റദ്ദാക്കിയത് എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ചോദ്യം.
രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ അനുവദിച്ച് കിട്ടിയ പരീക്ഷ കേന്ദ്രത്തിലേക്കുള്ള യാത്ര മധ്യേ, 13ന് വൈകീട്ട് 5:20 ഓടെയാണ് പരീക്ഷ റദ്ദാക്കിയ പിഎസ്‌സി അറിയിപ്പ് ലഭിച്ചത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ എംഎസ്‌സിയും പിഎച്ച്ഡിയുമുള്ളവര്‍ക്ക് അസി. പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാം. ബയോ കെമിസ്ട്രിയില്‍ 62 പേരും മൈക്രോ ബയോളജിയില്‍ 115 ഉം അപേക്ഷകരുണ്ടായിട്ടാണ് പരീക്ഷ റദ്ദാക്കല്‍. തിരുവനന്തപുരത്തും കോഴിക്കോടുമായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍.