Wednesday, March 18, 2026 Last Updated 4 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 08.08 AM

‘ഇത് കഠിനാധ്വാനത്തിനുള്ള സമ്മാനം...’; ചന്ദ്രയുടെ സര്‍പ്രൈസ് ഗിഫ്റ്റിനെപ്പറ്റി നിമിഷ് രവി; 9 ലക്ഷത്തിലേറെ വിലയുള്ള വാച്ച് നിമിഷിന് നല്‍കി കല്യാണി പ്രിയദര്‍ശന്‍

മലയാളസിനിമയില്‍ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’. ഇപ്പോഴിതാ ‘ലോക’യുടെ വമ്പൻ ഹിറ്റിന് പിന്നാലെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ആഡംബര വാച്ച് സമ്മാനിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.
Kalyani Priyadarshan, cinematographer Nimish Ravi, Lokah chapter one chandra
Kalyani Priyadarshan gifts luxury watch to Nimish Ravi (Image Source: Instagram)

സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ അഞ്ചു ഭാഗങ്ങളില്‍ ആദ്യത്തെ ചാപ്റ്ററായ ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’ പ്രേക്ഷകഹൃദയം കീ​ഴടക്കി മുന്നേറുകയാണ്. മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫററര്‍ ഫിലിംസ് നിര്‍മ്മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകയുടെ യാത്ര. 21-ാം നൂറ്റാണ്ടില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ കണ്ട ചിത്രമായി ‘ലോക’ മാറിയിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഫാന്റസി ലോകത്തില്‍ ‘ചന്ദ്ര’യെന്ന സൂപ്പര്‍വുമണായി കല്യാണി നിറഞ്ഞാടിയ ചിത്രം 200 കോടി ക്ലബ്ബിലെത്തിയത് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ്.
സിനിമയുടെ സംവിധായകന്‍ ഡൊമിനിക്കിനെ പോലെ തന്നെ ഈയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന് പിന്നില്‍ ഛായാഗ്രാഹകന്‍ നിമിഷ് രവിക്കും വലിയൊരു പങ്കുണ്ട്. ഓരോ ഫ്രെയിമിലും ദൃശ്യവിസ്മയം സൃഷ്ടിക്കുന്ന നിമിഷന്റെ ക്യാമറക്കണ്ണുകള്‍ക്ക് പ്രത്യേക അഭിനന്ദനം ​കാഴ്ച്ചക്കാരെല്ലാം നല്‍കുന്നുണ്ട്.
ഇപ്പോഴിതാ ലോക’യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ സന്തോഷം ഛായാഗ്രാഹകൻ നിമിഷ് രവിയുമായി കല്യാണി പ്രിയദര്‍ശന്‍ പങ്കിട്ടത് നിമിഷിന് ആഡംബര വാച്ച് സമ്മാനമായി നല്‍കിയാണ്. 9 ലക്ഷത്തിലധികം വിലയുള്ള ഒമേഗ വാച്ചാണ് കല്യാണി നിമിഷിന് സമ്മാനിച്ചത്. കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്ക് നയിക്കുമെന്ന് ഓർമപ്പെടുത്തുന്നതാണ് എന്നാണ് ഈ സന്തോഷം പങ്കിട്ട് നിമിഷ് കുറിച്ചത്.
‘‘പ്രിയ കല്യാണി, ഈ സമ്മാനം നിങ്ങളുടെ മഹത്തായ മനസ്സിന്റെ തെളിവാണ്. വളരെയധികം നന്ദി. ഈ നിറം നേരിട്ട് എന്നെ ലോകയുമായും ചന്ദ്രയുമായും ബന്ധിപ്പിക്കുന്നു. എല്ലാത്തിനുമുപരി, തുടർച്ചയായ കഠിനാധ്വാനം എപ്പോഴും നല്ല കാര്യങ്ങളിലേക്കാണ് നയിക്കുന്നതെന്ന് ഇതെന്നെ ഓർമപ്പെടുത്തും. ഈ സിനിമയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകളും അക്കാര്യം എന്നും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. അതിനാൽ ഈ സമ്മാനം ആ കഠിനാധ്വാനത്തിന് ഉള്ളതാണ്. ഒരുപാട് സ്നേഹം കല്യാണി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് നിമിഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.പശ്ചാത്തലത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന കല്യാണിയും, വാച്ച് കെട്ടി നില്‍ക്കുന്ന നിമിഷിന്റെ കൈയും ചിത്രത്തില്‍ കാണാം. നിമിഷിന്റെ പോസ്റ്റിന് താഴെ ‘നിങ്ങൾ മികച്ചതിനേക്കാൾ മികച്ചത്’ എന്നാണ് കല്യാണി നല്‍കിയ കമന്റ്. പോസ്റ്റിനു താഴെ ടൊവീനോ തോമസ്, അഹാന കൃഷ്ണ എന്നിവരടക്കം നിരവധി പേര്‍ നിമിഷിന് സ്നേഹം കുറിച്ചുള്ള ഇമോജികള്‍ പങ്കിടുന്നുണ്ട്.
​ആരാധകരും രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട് ‘ഇങ്ങനെ പോയാൽ ഒരു വാച്ച് ഷോറൂം തുടങ്ങേണ്ടി വരും’, ‘അഹാന ഒന്ന് സൂക്ഷിച്ചോ.. ഈ കല്യാണിടെ ചാട്ടം ഇതെങ്ങോട്ട. (ചുമ്മ തമാശ പറയുന്നതാ) എന്തായാലും അതൊരു സൂപ്പർ ക്യൂട്ട് വാച്ച് ആണ്...’ എന്നതടക്കമാണ് കമന്റുകള്‍. മുൻപ് ‘ലക്കി ഭാസ്കറി’ന്റെ വിജയത്തിൽ ദുൽഖർ സൽമാനും നിമിഷിന് ആഡംബര വാച്ച് സമ്മാനിച്ചിരുന്നു.
സ്വിസ് കമ്പനിയായ ഒമേഗയുടെ 9,81,800 രൂപ വിലയുള്ള സ്പീഡ്മാസ്റ്റര്‍ 57 എന്ന മോഡല്‍ അത്യാഡംബര വാച്ചാണ് കല്യാണി നിമിഷിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. 40.5 എംഎം ഡയലും ലെതര്‍ സ്ട്രാപ്പുമാണ് ഇതിന്റെ സവിശേഷത.

ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ലോക. 275 കോടി രൂപ ആഗോളതലത്തില്‍ കളക്ഷന്‍ നേടിയ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രം എന്ന ലേബല്‍ ഇനി ലോകയ്ക്ക് സ്വന്തമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററില്‍ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക.
അഞ്ച് ഭാഗങ്ങള്‍ ഉള്ള ഒരു വമ്പന്‍ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. അടുത്ത ഭാഗങ്ങളിലേക്കുള്ള ആകാംക്ഷ വര്‍ധിപ്പിക്കാന്‍ നിരവധി അതിഥി താരങ്ങളും സിനിമയിലെത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെത്തുന്ന തുടര്‍ന്നുള്ള ഭാഗങ്ങളും തിയേറ്ററില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Ads by Google
Friday 03 Oct 2025 08.08 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google