Wednesday, March 18, 2026 Last Updated 9 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 11.47 AM

‘നിങ്ങളുടെ കുട്ടി ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് ദയവ് ചെയ്ത് അറിഞ്ഞിരിക്കുക...’ റോബ്ലോക്സ് ഗെയി​മിനെതിരെ മുന്നറിയിപ്പുമായി സുപ്രിയ മേനോന്‍

തന്റെ നിലപാടുകളും അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുള്ള താരപത്നിയും നിര്‍മ്മാതാവുമാണ് സുപ്രിയ മേനോന്‍. ഇപ്പോഴിതാ റോബ്ലോക്സ് ഗെയി​മിനെതിരെയും മാതാപിതാക്കളോടുള്ള മുന്നറിയിപ്പും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുകയാണ് സുപ്രിയ.
Supriya menon, Supriya warn parents against the game Roblox
Supriya menon on Ethan Dallas suicide and warning to parents (Image Source: Instagram)

മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. തികച്ചും വ്യത്യസ്തമായ ഒരു മേഖലയില്‍ നിന്നെത്തിയ സുപ്രിയ, ബിബിസിയിലെ ഉയർന്ന ഉദ്യോഗത്തിൽ നിന്ന് തന്റെ മാധ്യമപ്രവര്‍ത്തനമെന്ന കരിയര്‍ അവസാനിപ്പിച്ചാണ് പൃഥ്വിയ്ക്ക് പിന്തുണയും കരുത്തുമായി മാറിയത്. സാധാരണ സ്ത്രീകളെ പോലെ കരിയറിനെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നതിന് വേണ്ടി സുപ്രിയ കരിയര്‍ ഉപേക്ഷിച്ചുവെന്ന് പൃഥ്വി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
പിന്നീടിങ്ങോട്ട് താരപത്നിയായി സുപ്രിയയെ പല വേദികളിലും കണ്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സുപ്രിയ തിളങ്ങുന്നത് മികച്ച സിനിമകള്‍ നിര്‍മ്മിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സി​ന്റെ അമരക്കാരിയായിട്ടാണ്. അതിന്റെ ആത്മാവും ജീവനുമൊക്കെ സുപ്രിയയാണ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സിനിമകള്‍ നിര്‍മ്മിച്ച് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഗ്ലോബലി അറിയപ്പെടുന്ന പ്രൊഡക്ഷന്‍ ഹൗസായി മാറി.
വളരെ മികച്ച വായനാശീലം ഉള്ള സുപ്രിയ മേനോൻ തന്റെ അറിവുകളും നിലപാടുകളും അഭിപ്രായങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. താരപത്നി പങ്കിടാറുള്ള പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ കുട്ടികള്‍ ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് കുറിക്കുകയാണ് സുപ്രിയ മേനോൻ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറീസില്‍ സുപ്രിയ പങ്കുവച്ച മുന്നറിയിപ്പില്‍ കാലിഫോർണിയയിലെ സാൻ ഡിയേഗോ സ്വദേശിയായ 15 വയസുകാരൻ എഥൻ ഡല്ലാസിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ എത്ര പേര്‍ റോബ്ലോക്സ് കളിക്കുന്നുണ്ടെന്ന് അറിയാമോ എന്നും ഓണ്‍ലൈനില്‍ കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും സുപ്രിയ മേനോൻ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
‘‘നിങ്ങളില്‍ എത്രപേരുടെ കുട്ടികള്‍ റോബ്ലോക്സ് കളിക്കുന്നുണ്ട് ? നിങ്ങളുടെ കുട്ടി ഓണ്‍ലൈനില്‍ എന്താണ് ചെയ്യുന്നതെന്ന് ദയവ് ചെയ്ത് അറിഞ്ഞിരിക്കുക...അവൻ റോബ്ലോക്സിൽ ഒരു സുഹൃത്തിനെ ഉണ്ടാക്കി, അവരുടെ ബന്ധം അപകടമാം വിധാം ദോഷകരമായി മാറി...’’ എന്നാണ് സുപ്രിയ പോസ്റ്റില്‍ കുറിച്ചത്. സുപ്രിയയുടെ പോസ്റ്റിന് നിരവധി പേരാണ് പിന്തുണയും ലൈക്കും നല്‍കുന്നത്.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ അപകടം നിറഞ്ഞതാണെന്നതിന്റെ ഉദാഹരണമാണ് ഏറ്റവും ഒടുവില്‍ മരണപ്പെട്ട ഏഥൻ. ഓട്ടിസമുള്ള ആ 15 കാരൻ സ്വയം ജീവനെടുക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ ജനപ്രീതിയേറെയുള്ള റോബ്ലോക്സ് എന്ന ഗെയിമാണ് ഏഥനെ ആ സാഹചര്യത്തിലേക്ക് നയിച്ചത്. ഏഴു വയസ്സ് മുതല്‍ റോബ്ലോക്സ് ഗെയിം കളിക്കുന്ന ഏഥന്‍ അതുവഴി തന്നെയാണ് നേറ്റ് എന്ന് പേരുള്ളൊരു കുട്ടിയെ പരിചയപ്പെട്ടത്. പതിയെ റോബ്ലോക്സ് പ്ലെയറായ നേറ്റുമായി ഏഥന്‍ അടുത്തു.
സ്കൂള്‍ വിട്ടുവന്നാല്‍ ഓണ്‍ലൈൻ ഗെയിം ഒന്നിച്ച്‌ കളിക്കാൻ തുടങ്ങി. രാത്രി വൈകിയും ചാറ്റ് ചെയ്യാൻ തുടങ്ങി. റോബ്ലോക്സിലെ പാരന്റല്‍ കണ്‍ട്രോള്‍ എങ്ങനെ ഡിസേബിള്‍ ചെയ്യണമെന്ന് നേറ്റ് ഏഥനെ പഠിപ്പിച്ചുകൊടുത്തു. അവരുടെ ചാറ്റുകളില്‍ പതിയെ ലൈംഗികതയും കടന്നു വന്നു. അങ്ങനെ ഇരുവരുടേയും ചാറ്റിങ് പതിയെ മറ്റൊരു ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ ഡിസ്കോർഡിലേക്ക് മാറി. അവിടെ വെച്ച്‌ നേറ്റ് ഏഥനോട് അവന്റെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ചാറ്റുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിന് വഴങ്ങി ഏഥൻ ചിത്രങ്ങള്‍ അയച്ചുകൊടുത്തു.
സ്വതവേ ശാന്തനായിരുന്ന ഏഥന്റെ പെരുമാറ്റത്തില്‍ പതിയെ മാറ്റങ്ങളുണ്ടായി, ദേഷ്യം പ്രകടിപ്പിക്കുന്നതും ഒച്ചയിടുന്നതും അക്രമാസക്തനാവുകയും ചെയ്യുന്ന പോലുള്ള പ്രശ്നങ്ങള്‍ വന്നു. 2022 ല്‍ അവസ്ഥയാകെ മോശമായി. മാതാപിതാക്കള്‍ ഏഥന് ഒരു വർഷത്തോളം ചികിത്സാകേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സ നല്‍കി.
അവസാനം ഏഥൻ നേറ്റിനെ കുറിച്ച്‌ അമ്മ ബെക്ക ഡല്ലാസിനോട് വെളിപ്പെടുത്തി, പക്ഷേ നാല് മാസങ്ങള്‍ക്ക് ശേഷം 2024 ഏപ്രിലില്‍ ഏഥൻ സ്വയം ജീവനൊടുക്കി. ഈ വര്‍ഷം ആദ്യം ഏഥനെ മരണത്തിലേക്ക് തള്ളിവിട്ട നേറ്റ് എന്ന കുട്ടി യഥാർത്ഥത്തില്‍ 37 വയസ് പ്രായമുള്ള തിമോത്തി ഒ കോണർ എന്നയാള്‍ ആയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് മാതാവ് തിരിച്ചറിഞ്ഞു.
ചൈല്‍ഡ് പോണോഗ്രഫി ഉള്ളടക്കങ്ങള്‍ കൈവശം വെച്ചതിനും ദോഷകരമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് അയച്ചുകൊടുത്തതിനുമെല്ലാമുള്ള മറ്റൊരു കേസില്‍ പിടിക്കപ്പെട്ടതായിരുന്നു അയാള്‍. മാനസികാസ്വാസ്ഥം നേരിട്ട ഏഥന്റെ പ്രശ്നം മാതാവ് നാഷണല്‍ സെന്റർ ഫോർ മിസ്സിങ് ആന്റ് എക്സ്പ്ലോയിറ്റഡ് ചില്‍ഡ്രൻ എന്ന സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ സ്ഥാപനവും പോലീസും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. അങ്ങനെയാണ് തിമോത്തി ഓ കോണറെ കുറിച്ച്‌ ബെക്ക ഡല്ലാസ് അറിഞ്ഞത്.
റോബ്ലോക്സില്‍ ആർക്കും അക്കൗണ്ടുണ്ടാക്കി സൗജന്യമായി കളിക്കാം. കുട്ടികളുമായി സംസാരിക്കാൻ മുതിർന്നവർക്ക് സ്വകാര്യ ചാറ്റുകള്‍, വോയ്സ് സംഭാഷണങ്ങള്‍ തുടങ്ങിയ പ്ലാറ്റ്ഫോമിലെ ആശയവിനിമയ ഫീച്ചറുകള്‍ ഉപയോഗിക്കാമെന്നും സുരക്ഷാ വിദഗ്ധർ പറഞ്ഞു. റോബ്ലോക്സിനും ഡിസ്കോർഡിനുമെതിരെ മറ്റ് നിരവധി കേസുകളും നിലവിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

Ads by Google
Tuesday 16 Sep 2025 11.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google