Wednesday, March 18, 2026 Last Updated 19 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 11 Sep 2025 10.47 AM

ഞങ്ങളുടെ സ്വപ്നം, മാതാപിതാക്കളും അതിനെ പിന്തുണച്ചു ,15 പേര്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത് ; വിവാഹത്തെക്കുറിച്ച് എബി ടോം സിറിയക്

grace-antony-
photo-www.instagram.com/grace_antonyy/

നടി ഗ്രേസ് ആന്റണിയുമായുളള വിവാഹവിശേഷങ്ങള്‍ പങ്കുവെച്ച് സംഗീതസംവിധായകന്‍ എബി ടോം സിറിയക്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങളുടെ വിവാഹം കഴിഞ്ഞതായി ഗ്രേസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ആളും ആരവുമില്ലാതെ നടന്ന വിവാഹമായിരുന്നുവെന്നും ഒമ്പതുവര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹമെന്നും ഗ്രേസ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരുന്നു.

ഇപ്പോള്‍ തങ്ങളുടെ വിവാഹവിവരം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചിരിക്കുകയാണ് എബി. മാതാപിതാക്കളും സഹോദരങ്ങളും മാത്രം അടങ്ങിയ ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് എബി ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 15 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും എബി കുറിച്ചു.

‘പ്രിയപ്പെട്ടവരെ ഞാനും ഗ്രേസ് ആന്റണിയും ചൊവ്വാഴ്ച വിവാഹിതരായി എന്ന സന്തോഷവാര്‍ത്ത നിങ്ങളെല്ലാവരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 15 പേര്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ഒരു ചടങ്ങായിരുന്നു അത്. അതുകൊണ്ട് നിങ്ങളെ ആരെയും വിളിക്കാനോ അറിയിക്കാനോ കഴിഞ്ഞില്ല.

വളരെ ലളിതവും ആയാസരഹിതവുമായ ഒരു വിവാഹമായിരുന്നു ഞങ്ങളുടെ സ്വപ്നം. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതിനാല്‍ യാതൊരുവിധ മാനസിക പിരിമുറുക്കങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ ഞങ്ങളുടെ വിവാഹദിവസം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. ഞങ്ങളെ അനുഗ്രഹിക്കണം, നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തണം ’എന്നായിരുന്നു എബിയുടെ കുറിപ്പ്.

മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറും കൂടിയായ എബി, ഒട്ടേറെ മലയാള ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്രസംഗീതസഗവിധായകനെന്ന നിലയില്‍ ഏഴോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച എബി പൃഥ്വിരാജ് നായകനായ പാവാടയിലെ പാട്ടുകളിലൂടെയാണ് ശ്രദ്ധേയനായത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഹാപ്പി വെഡ്ഡിങ്‌സ്' എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം 'ജോര്‍ജേട്ടന്‍സ് പൂരം', 'ലക്ഷ്യം' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . 'ഹാപ്പി വെഡ്ഡിങ്ങി'ലെ അഭിനയം കണ്ടിട്ടാണ് 'കുമ്പളങ്ങി നൈറ്റ്സി'ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്.

കുമ്പളങ്ങി നൈറ്റ്സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.റാം സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ഗ്രേസ് ആന്റണി ചിത്രം.

Ads by Google
Thursday 11 Sep 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google