Monday, March 23, 2026 Last Updated 2 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Jul 2025 01.47 PM

കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം ; ബിന്ദുവിന് കണ്ണീരോടെ നാട് വിട നല്‍കി

uploads/news/2025/07/789447/bindu.jpg

കോട്ടയം: മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മരണമടഞ്ഞ തലയോലപ്പറമ്പിലെ ബിന്ദുവിന് നാട് കണ്ണീരോടെ വിട നല്‍കി. ഉച്ചയ്ക്ക് 12.30 യോടെ ബിന്ദുവിന്റെ ചിതയ്ക്ക് മകന്‍ നവനീത് തീ കൊളുത്തി. വികാരനിര്‍ഭരമായിരുന്നു രംഗങ്ങള്‍. പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും ജില്ലയിലെ വിവിധ കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ എന്നിവരെല്ലാം ബിന്ദുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.

ഇന്നലെ രാവിലെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജിലെ കാലഹരണപ്പെട്ട കെട്ടിടം തകര്‍ന്ന് വീണ് ബിന്ദു മരണമടഞ്ഞത്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രണ്ടര മണിക്കൂറിന് ശേഷമായിരുന്നു ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശരീരം ഇന്ന് രാവിലെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു.

ചികിത്സയിലുള്ള മകള്‍ക്കു കൂട്ടിരുന്ന ബിന്ദുവിനെ കാണാനില്ലെന്നു ഭര്‍ത്താവ് വിശ്രുതനും ബന്ധുക്കളും പരാതിപ്പെട്ടശേഷമാണ് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി തെരച്ചില്‍ നടത്താന്‍ അധികൃതര്‍ തയാറായത്. തെരച്ചിലില്‍ ബിന്ദുവിനെ കണ്ടെത്തി അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും ഏറെ വൈകിപ്പോയിരുന്നു. രണ്ടരമണിക്കൂറിനുശേഷം പുറത്തെടുക്കുമ്പോള്‍ ബിന്ദുവിനു ജീവനുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്നലെ രാവിലെ 10.45-നാണ് 68 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലെ 14-ാം വാര്‍ഡിന്റെ ഒരുഭാഗവും അതിനോടു ചേര്‍ന്നുള്ള പഴയ ശൗചാലയത്തിന്റെ ഭാഗവും തകര്‍ന്നുവീണത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടമാണെങ്കിലും തിരക്കേറുമ്പോള്‍ അതിലെ ശൗചാലയങ്ങളെ നിരവധിപ്പേര്‍ ആശ്രയിച്ചിരുന്നു. 10-ാം വാര്‍ഡിന്റെ ശൗചാലയത്തോടു ചേര്‍ന്നുള്ള ഭാഗമായതിനാല്‍ അവിടെനിന്നുള്ളവരും എത്തിയിരുന്നു. കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. നിസാരപരുക്കേറ്റ രണ്ടുപേരല്ലാതെ കെട്ടിടത്തില്‍ മറ്റാരുമില്ലെന്നു മന്ത്രിമാരായ വീണയും വാസവനും പറഞ്ഞതു രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി.

ഇതിനിടെയാണ് കുളിക്കാന്‍ പോയ ബിന്ദു തിരിച്ചെത്തിയില്ലെന്നും ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും മകള്‍ നവമി പറഞ്ഞത്. ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ ഇക്കാര്യം സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എയോടും പറഞ്ഞു. ചാണ്ടി ഉമ്മന്‍ പോലീസുമായി ബന്ധപ്പെട്ടു. ബിന്ദുവിന്റെ സഹോദരിയുടെ മരുമകന്‍ ഗിരീഷ് എറണാകുളം ഗിരിനഗര്‍ പോലീസിലും വിവരമറിയിച്ചതും തെരച്ചില്‍ തുടങ്ങിയതും.

Ads by Google
Friday 04 Jul 2025 01.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google