Monday, March 23, 2026 Last Updated 0 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Friday 04 Jul 2025 11.18 AM

വേമ്പനാട്ടുകായലിന്റെ വെള്ളമെടുക്കാനുള്ള ശേഷി കുറഞ്ഞു ; പടിഞ്ഞാറന്‍ മേഖലയിലെ മൂന്നു ജില്ലകളിലെ ജനങ്ങള്‍ ദുരിതക്കയത്തില്‍

uploads/news/2025/07/789427/vellappokkam-1.jpg

കോട്ടയം: വേമ്പനാട്ടുകായലിന്റെ വെള്ളമെടുക്കാനുള്ള ശേഷി കുറഞ്ഞതോടെ മൂന്നു ജില്ലകളിലെ ജനങ്ങള്‍ ദുരിതക്കയത്തില്‍. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖല, ആലപ്പുഴ ജില്ലയുടെ കിഴക്കുപടിഞ്ഞാറന്‍ മേഖല, എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളില്‍ കഴിയുന്നവരാണ് ഒരു മാസത്തിലേറെയായി ദുരിതത്തില്‍ കഴിയുന്നത്.

വേമ്പനാട് കായലിന്റെ ആഴം ഗണ്യമായി കുറഞ്ഞെന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു നുറ്റാണ്ടിനുള്ളില്‍ കായലിന്റെ ജലസംഭരണ ശേഷിയില്‍ 85 ശതമാനത്തിലധികം കുറവുണ്ടായതായാണ് കേരള ഫിഷറീസ് സുമുദ്ര പഠന സര്‍വകലാശാല 'കുഫോസ്' സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. തുടക്കത്തില്‍ നെല്‍ക്കൃഷിക്കും പിന്നീട് ടൂറിസം, ഭവന പദ്ധതികള്‍ക്കുമായി നിലംനികത്തിയതാണ് വേമ്പനാടിന്റെ മൊത്തം വിസ്തൃതി ഗണ്യമായി കുറയാനുള്ള പ്രധാനകാരണം. ചെളികലര്‍ന്ന എക്കലും പ്ലാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടുന്നതും ആഴം കുറയാന്‍ കാരണമായതായി കുഫോസ് കണ്ടെത്തിയിട്ടുണ്ട്.

വേമ്പനാട് കായലിലെ ആകെ പ്ലാസ്റ്റിക് മാലിന്യം 3005 ടണ്‍ ആണെന്നാണു പഠനം വ്യക്തമാക്കുന്നത്. ഇതുമൂലം ചെറിയ മഴയില്‍ രൂപപ്പെടുന്ന നീരൊഴുക്കിനു പോലും കായലിലേക്കു പ്രവേശിക്കാനാകുന്നില്ല. കായലിലെത്തുന്ന നദികളിലെ ജലനിരപ്പിനേക്കാള്‍ ഉയര്‍ന്നാണു വേമ്പനാട്ടുകായലിന്റെ ജലനിരപ്പ്. ഇതിനാല്‍ നദീതീരങ്ങളിലുളള വീടുകളില്‍ കയറിയ വെള്ളമാണ് ഒരു മാസത്തിലേറെയായിട്ടും ഒഴിയാതെ നില്‍ക്കുന്നത്.

വേമ്പനാട്ടുകായലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന പ്രധാനപ്പെട്ട ആറു പോഷകനദികളുടെ (അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍, മൂവാറ്റുപുഴ, പെരിയാര്‍) ഉത്ഭവമേഖലകളിലെ മണ്ണൊലിപ്പ്, നദികളുടെ വൃഷ്ടിപ്രദേശങ്ങളിലെ ഭൂവിനിയോഗരീതിയിലുണ്ടായ മാറ്റം, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍ നെല്‍ക്കൃഷിക്കാവശ്യമായ കോണ്‍ക്രീറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ നിര്‍മാണം എന്നിവയാണ് ചെളികലര്‍ന്ന എക്കല്‍ അടിഞ്ഞുകൂടുന്നതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മണ്‍സൂണ്‍ മഴയുടെ വര്‍ധിച്ചുവരുന്ന കേന്ദ്രികൃതസ്വഭാവം എക്കല്‍ അടിഞ്ഞുകൂടുന്ന പ്രക്രിയയെ ത്വരപ്പെടുത്തിയെന്നും കുഫോസ് റിപ്പോര്‍ട്ട് പറയുന്നു.

കുറച്ചുകാലമായി കായലിലെ ജലം ദൈനംദിന ജീവിതത്തിന്റെ ഒരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. കുട്ടനാട് മേഖലയിലും വേമ്പനാടിന്റെ തീരങ്ങളിലുമുള്ള മിക്ക കിണറുകളും മലിനവും ഉപയോഗശൂന്യവുമാണ്. വിവിധ സ്ഥാപനങ്ങള്‍ നടത്തിയ പഠനങ്ങള്‍പ്രകാരം വേമ്പനാട്ടുകായലില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം അനുവദനീയമായതിലും വളരെ കൂടുതലാണ്. കായല്‍മലിനീകരണത്തിന്റെ പ്രധാന ഇരകള്‍ മത്സ്യസമ്പത്തും ഉപജീവനത്തിനായി അവയെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളുമാണ്. ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ കായലിലെ മത്സ്യങ്ങളുടെ വൈവിധ്യത്തെയും ലഭ്യതയെയും സാരമായി ബാധിച്ചതായാണു റിപ്പോര്‍ട്ട്.

Ads by Google
ഷാലു മാത്യു
Friday 04 Jul 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google