Monday, March 23, 2026 Last Updated 3 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Jul 2025 08.17 AM

കപ്പല്‍ച്ചേതം കാരണം വലകള്‍ മുറിഞ്ഞു മത്സ്യബന്ധന തൊഴിലാളികള്‍; ഓരോ വള്ളത്തിനും ഉണ്ടായത് വന്‍നഷ്ടം ; പത്തുലക്ഷത്തോളം വരും

uploads/news/2025/07/789033/ship-wrecage.jpg

കൊച്ചി: കൊച്ചിയില്‍നിന്നു കഴിഞ്ഞ 30 നു കടലില്‍പോയ പത്തു വള്ളങ്ങളുടെ വലകള്‍ അഴിമുഖത്തിനു തെക്ക് പടിഞ്ഞാറ് ഭാഗത്തുവച്ച് മുറിഞ്ഞുപോയിതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു. കപ്പലിലെ അവശിഷ്ടങ്ങളിലോ കണ്ടെയ്‌നറിലോ തട്ടിയാണു കീറിപ്പോയിരിക്കുന്നത്. പല വള്ളങ്ങള്‍ക്കും മീന്‍ കിട്ടി. അപകടത്തില്‍പ്പെട്ട ഓരോ വള്ളത്തിനും ആറുലക്ഷം രൂപയ്ക്കു മേല്‍ വില വരുന്ന വലകളാണു നഷ്ടപ്പെട്ടത്.

അതിന്റെ അറ്റകുറ്റപ്പണിയും പുതിയ വല ഘടിപ്പിക്കുന്നതും ഒരാഴ്ചത്തെ ജോലിയും അടക്കം പത്തു ലക്ഷം രൂപ വീതം ഓരോ വള്ളത്തിലും നഷ്ടമുണ്ടായി എന്നതാണു കണക്ക്. എല്‍സ- 3 എന്ന കപ്പല്‍ മുങ്ങിയതിനു ശേഷം അടിക്കടി മത്സ്യബന്ധന മേഖലയില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരികയാണെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞാഴ്ച തോട്ടപ്പള്ളിക്കു പടിഞ്ഞാറുവച്ച് ഒന്‍പതു വള്ളങ്ങളുടെ വലകള്‍ ഇതുപോലെ കീറി പോയിട്ടുണ്ട്. തൊഴിലാളികള്‍ തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിച്ചു രശീത് നല്‍കാന്‍ പോലീസുകാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ ഫോര്‍ട്ടുകൊച്ചിയില്‍ എത്തി കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതുമൂലം ഉണ്ടായ നഷ്ടത്തിനു ഹൈക്കോടതിയെ സമീപിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

എല്‍സ-3ന്റെ അവശിഷ്ടങ്ങള്‍ നാളേക്കുമുമ്പു മാറ്റണമെന്ന് ഡയറക്ടര്‍ ജനല്‍ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥന്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനം നല്‍കുകയുണ്ടായി. എന്നാല്‍ ഇതിനുവേണ്ടി നിയോഗിക്കപ്പെട്ട ടി ആന്‍ഡ് ടി എന്ന സാല്‍വേജിങ് കമ്പനി കഴിഞ്ഞ മാസം 12 വരെ അതിന്റെ സാല്‍വേജ് പ്രവര്‍ത്തനങ്ങള്‍ നടത്തി. തുടര്‍ന്ന് അകാരണമായി ആ കമ്പനി പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.അതിനുശേഷം പുതിയൊരു കമ്പനിക്ക് ഉത്തരവാദിത്വം ഏല്‍പ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനം ആയാലും ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കില്ല എന്ന് ആശങ്ക ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ചളി കയറിയാല്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാവും.കപ്പലപകടത്തിന് ശേഷം തികഞ്ഞ നിരുത്തരവാദിത്വമാണ് കപ്പല്‍ കമ്പനിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.

ലോകത്തെ അയിലയുടെ 90% വും ഇന്ത്യയിലെ മത്തിയുടെ 90 ശതമാനവും പിടിക്കുന്ന മലബാര്‍ അപ്പു വെല്ലിങ് മേഖലയിലാണു രണ്ട് അപകടങ്ങള്‍ നടന്നിരിക്കുന്നത്. ലോകത്തെ അപൂര്‍വ പ്രതിഭാസമായ ചാകര സൃഷ്ടിക്കപ്പെടുന്ന പ്രദേശത്താണു കപ്പല്‍ മുങ്ങിയിരിക്കുന്നത്. അതാകട്ടെ പ്രധാനമായ മത്സ്യബന്ധന കേന്ദ്രമായ കൊയിലോണ്‍ ബാങ്കിന് സമീപത്തുമാണ്. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ തൊഴിലെടുക്കുന്ന ഈ മേഖലയില്‍ ശുചീകരണ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നു മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കപ്പലിലെ എണ്ണയും, കണ്ടെയ്‌നറുകളിലെ മാലിന്യവും ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുമുണ്ട്.

പരീക്ഷണം, ആദിത്യന്‍, അയ്യപ്പ ജ്യോതി, ജലനിധി, എന്നീ വള്ളങ്ങളുടെ വലകളാണു കാള മുക്ക് ഹാര്‍ബറില്‍ റിപ്പയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരാഴ്ചയെങ്കിലും റിപ്പയറിന് സമയമെടുക്കും. പ്രത്യാശ, ഉന്നതന്‍, പ്രവാചകന്‍, അക്വിനാസ്, അല്‍ റഹ്മാന്‍ എന്നീ വള്ളങ്ങള്‍ തോപ്പുംപടിയിലും ആണ്ടവന്‍ എന്ന വള്ളം മുനമ്പത്തുമാണു വല റിപ്പയര്‍ നടക്കുന്നത്. തൊഴിലാളികള്‍ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Ads by Google
Wednesday 02 Jul 2025 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google