Wednesday, March 25, 2026 Last Updated 6 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Jun 2025 03.35 PM

ഫയൽ അദാലത്തിനുള്ള ക്രമീകരണം ഉടൻ പൂര്‍ത്തിയാക്കാൻ നി‍‍ര്‍ദേശം ; വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണ​മെന്ന് മുഖ്യമന്ത്രി

uploads/news/2025/06/788280/pinarayi-vijayan.gif
photo - facebook

തിരുവനന്തപുരം: ഫയല്‍ അദാലത്തിന്റെ് വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. അദാലത്തിന് വകുപ്പ് സെക്രട്ടറിമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കണം. ഫയലുകള്‍ സാങ്കേതികമായി തീര്‍പ്പാക്കരുത്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .അടുത്ത മാസം ഒന്നു മുതല്‍ ആഗസ്ത് 31 വരെ അദാലത്ത് നടത്തുന്നത് .

സെക്രട്ടേറിയറ്റില്‍ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളില്‍ കാലതാമസം ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. ഇത്തരത്തില്‍ കൂടുതല്‍ ഫയലുകള്‍ ധനകാര്യ വകുപ്പിലാണുണ്ടാവുകയെന്നും വകുപ്പ് സെക്രട്ടറി പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കെട്ടിക്കിടക്കുന്നതും തീര്‍പ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയല്‍ അദാലത്ത് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പര്‍ക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ എന്നിങ്ങനെ മൂന്ന് തലത്തില്‍ ഫയല്‍ തീര്‍പ്പാക്കാനാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സെക്രട്ടറി തലത്തില്‍ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്മാരുടെയും സ്ഥാപനങ്ങളുടെയും മേധാവികളുടെ യോഗം വിളിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളും കര്‍മ്മപദ്ധതിയും വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിമാരും വകുപ്പ് അധ്യക്ഷന്മാരും ബന്ധപ്പെട്ട സെക്ഷനുകള്‍ ഉള്‍പ്പെടെ ഇടവേളകളില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കണം. വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മുന്‍ഗണനാക്രമം നിശ്ചയിച്ച് അദാലത്ത് സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ അടിയന്തരമായി ആരംഭിക്കണം.

കാലതാമസം ഒഴിവാക്കുന്നതിനായി മാര്‍ഗനിര്‍ദേശം

സെക്രട്ടേറിയറ്റിനുള്ളില്‍ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടുള്ള ഫയലുകളില്‍ കാലതാമസം ഒഴിവാക്കുന്നതിനായി ഒരു മാര്‍ഗനിര്‍ദ്ദേശം ചീഫ് സെക്രട്ടറി തലത്തില്‍ പുറപ്പെടുവിക്കണം. മാസങ്ങളും വര്‍ഷങ്ങളുമായി മറ്റു വകുപ്പുകളില്‍ അഭിപ്രായം കാത്ത് കിടക്കുന്ന ഫയലുകളുണ്ട്. ഇത്തരം ഫയലുകളിലുള്ള അന്തിമ അഭിപ്രായം 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഇതില്‍ ഏറ്റവും കൂടുതല്‍ ഫയലുകള്‍ ധനകാര്യവകുപ്പിലാണ് ഉണ്ടാവുക. ധനകാര്യവകുപ്പ് സെക്രട്ടറി ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ആവശ്യമെങ്കില്‍ ഓരോ ഭരണ വകുപ്പും ധനകാര്യവകുപ്പിന് നല്‍കിയിട്ടുള്ള ഫയലുകളില്‍ തീരുമാനത്തിനായി ധനകാര്യ വകുപ്പുമായി ചേര്‍ന്ന് അദാലത്ത് സംഘടിപ്പിക്കുന്നതും പരിഗണിക്കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി മേല്‍നോട്ടം വഹിക്കണം.

സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തില്‍ ചീഫ് സെക്രട്ടറി അദാലത്തിന്റെ പുരോഗതി വിലയിരുത്തണം. സെക്രട്ടേറിയറ്റില്‍ ഫയല്‍ ചുമതല വഹിക്കുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സെക്രട്ടറിമാര്‍ നല്‍കണം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടവും ഉണ്ടാകണം. ഫയല്‍ തീര്‍പ്പാക്കല്‍ കാര്യക്ഷമമാക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഐ.ടി വകുപ്പുമായി കൂടിയാലോചിച്ച് ഒരു പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി ഇടവേളകളില്‍ വിലയിരുത്തും. ഫയല്‍ അദാലത്ത് പൂര്‍ത്തിയായ ശേഷം വകുപ്പ് തലത്തില്‍ നടത്തിയ പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

Ads by Google
Friday 27 Jun 2025 03.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google