Thursday, March 19, 2026 Last Updated 19 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 11.50 AM

‘‘1000,2000 കോടി ക്ലബ്ബുകള്‍ ഞങ്ങള്‍ക്കില്ല, പക്ഷേ രാശ്മികയ്ക്കുണ്ട്; ഞങ്ങളെ എല്ലാവരെയും രാശ്മിക കടത്തിവെട്ടി...’’ വേദിയില്‍ രാശ്മികയെ പ്രശംസിച്ച് നാഗാര്‍ജുന

uploads/news/2025/06/785808/1000481479.jpg
Nagarjuna praises rashmika Mandanna (Image Source:X)

തെന്നിന്ത്യയുടെ സ്വന്തം എക്സ്പ്രെഷന്‍ ക്വീനാണ് രാശ്മിക മന്ദാന. താരത്തിന്റെ ചിത്രങ്ങള്‍ക്ക് വലിയൊരു ആരാധക നിര തന്നെയുണ്ട്. ധനുഷ്, നാഗാർജുന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ‘കുബേര’ എന്ന ചിത്രത്തില്‍ രാശ്മിക മന്ദാന ഒരു കേന്ദ്ര കഥാപാത്രമാകുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. ഇപ്പോഴിതാ സിനിമയുടെ ടീം ഒരുമിച്ചെത്തിയ വേദിയില്‍ നാഗാർജുന രാശ്മിക മന്ദാനയെക്കുറിച്ച്‌ പറയുന്നതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ആളുകള്‍ക്കിടയില്‍ ഓളമുണ്ടാക്കാൻ നടിക്കായെന്നും തങ്ങള്‍ക്കാർക്കും ഇതുവരെ 2000 , 1000 കോടി ക്ലബ്ബുകള്‍ ഇല്ലെന്നും നാഗാർജുന പറഞ്ഞു.
‘‘കഴിവിന്റെ പവർ ഹൗസ് ആണ് രശ്‌മിക. കഴിഞ്ഞ വർഷങ്ങളിലായി അവർ അഭിനയിച്ച സിനിമകളും അവയുടെ തിരഞ്ഞെടുപ്പും ഗംഭീരമാണ്. ഞങ്ങളില്‍ ആർക്കും 2000, 3000 കോടി ക്ലബ്ബുകള്‍ ഇല്ല. പക്ഷെ രാശ്മികയ്ക്ക് ഉണ്ട്. ഞങ്ങളെ എല്ലാവരെയും രാശ്മിക കടത്തിവെട്ടി. നിങ്ങളുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഞാൻ ഈ സിനിമയുടെ ഡബ്ബിങ് കണ്ടിരുന്നു. നല്ല കഴിവുള്ള നടിയാണ്. എല്ലാവരയെയും ഈ സിനിമയിലൂടെ അവർ ചിരിപ്പിക്കും എന്ന് ഉറപ്പാണ്...’’ നാഗാർജുന പറഞ്ഞു. ചിരിയോടെയും അല്‍പ്പം നാണത്തോടെയുമാണ് രാശ്മിക തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കേട്ടത്. നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന രാശ്മികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുന്നുമുണ്ട്.
രാശ്മിക നായികയായെത്തിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 2000 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. സന്ദീപ് റെഡ്‌ഡി വാങ്ക സംവിധാനത്തില്‍ എത്തിയ അനിമല്‍ എന്ന ചിത്രത്തിലും രാശ്മികയായിരുന്നു നായിക. ഈ സിനിമയും 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ജൂണ്‍ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. സിനിമയുടെ ഗാനങ്ങളും ടീസറും മികച്ച അഭിപ്രായം നേടിയിരുന്നു. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും കുബേരയില്‍ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നാഗാർജുനയുടെയും ഒരു ഗംഭീര പെർഫോമൻസ് സിനിമയില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ‘ലവ് സ്റ്റോറി’ എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Ads by Google
Thursday 12 Jun 2025 11.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google