ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തളളി. തനിക്ക് ക്ഷയരോഗമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ലീന ജാമ്യാപേക്ഷയില്‍ പറഞ്ഞത്. ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്ന സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും ഉത്തരവുവന്നശേഷം ആവശ്യമെങ്കില്‍ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദത്തിലേക്ക് കോടതി കടന്നില്ല.
ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടി ലീന മരിയ പോളിനെ 2021ല്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം അറസ്റ്റ് ചെയ്തത്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലായിരുന്നു അറസ്റ്റ്. ലീന സെക്രട്ടറിയാണെന്നാണു സുകാഷ് പരിചയപ്പെടുത്തിയിരുന്നത്. കാനറ ബാങ്കിന്റെ ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍നിന്നു 19 കോടി രൂപയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ചു 62.47 ലക്ഷം രൂപയും തട്ടിയെടുത്ത കേസുകളില്‍ 2013 മേയില്‍ ലീനയും സുകാഷും അറസ്റ്റിലായിരുന്നു.
അണ്ണാഡിഎംകെയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില നിലനിര്‍ത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു ശശികല സംഘത്തില്‍ നിന്ന് 50 കോടി രൂപ വാങ്ങിയെന്ന കേസുമുണ്ടായിരുന്നു. സുകാഷ് തിഹാറിലായതിനു ശേഷം ലീന കടവന്ത്രയില്‍ ആരംഭിച്ച ബ്യൂട്ടിപാര്‍ലറില്‍ രവി പൂജാരിയുടെ അധോലോകസംഘം വെടിവെയ്പ് നടത്തിയ കേസുമുണ്ട്.