Thursday, March 19, 2026 Last Updated 23 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 11.19 AM

വിവാഹദിവസം വീട്ടുകാരോട് പറയാതെ അതിഥിയായി മമ്മൂട്ടി എത്തിയാല്‍; അനുഭവം പങ്കുവെച്ച് വി.കെ ശ്രീരാമന്‍

vk-sreeraman-
photo-www.facebook.com/sreeramanvk

വിവാഹത്തിന് അപ്രതീക്ഷിതമായി ഒരു സിനിമാതാരം എത്തിയാലോ? അതും സൂപ്പര്‍താരം മമ്മൂട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് അത്തരമൊരു അനുഭവത്തിന് സാക്ഷിയായതിന്റെ ഓര്‍മ പങ്കുവെക്കുകയാണ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍.

പൊന്തന്‍മാടയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ സംഭവിച്ച രസകരമായ സംഭവം സ്വതസിദ്ധമായ ശൈലിയില്‍ പങ്കുവെച്ച ശ്രീരാമന്റെ കുറിപ്പ് ശ്രദ്ധനേടുകയാണ്. കല്യാണവീട്ടില്‍ നിന്നെടുത്ത മമ്മൂട്ടി ചിത്രത്തിനൊപ്പമായിരുന്നു വി.കെ ശ്രീരാമന്റെ കുറിപ്പ്.

പത്തുമുപ്പത് കൊല്ലം മുമ്പ് പൊന്തന്മാടയുടെ ഷൂട്ട് നടക്കുന്ന സമയം .കുന്നംകുളത്തിനടുത്തുള്ള മങ്ങാട്ടുപാടത്തും കൂറ്റനാട്ടും മറ്റുമൊക്കെ കടുംവെയിലത്ത് ഷൂട്ട് തീർത്ത് ഒരു ദിവസം നേരത്തെ ഗുരുവായൂരിലെ വനമാലകുസുമത്തിൽ തിരിച്ചെത്തിയപ്പോൾ മാട പറഞ്ഞു .

'നമുക്ക് പുറത്താെന്നു കറങ്ങീട്ടു വന്നാലോ '
'എങ്ങടാ പോവ്വാ ?' ഞാൻ ചോദിച്ചു.
'എങ്ങോട്ടെങ്കിലും '
'എന്നാ പോവാം'
വിട് വണ്ടി വടക്കോട്ട്.

ആനക്കോട്ടയും തമ്പ്രാമ്പടിയും മുഖമൂടിമുക്കും നമ്പീശൻപടിയും കഴിഞ്ഞ് വടക്കോട്ടെത്തിയപ്പോൾ കണ്ടമ്പുള്ളി ഉസ്കൂളിൻ്റവടെ ഒരു ബഹളം. കാറു ബൈക്ക് വണ്ടികൾ കണ്ടമാനം തെങ്ങിൻ പറമ്പിലൊക്കെ കിടക്കണ്.അപ്പളാ ഞാൻ ഓർത്തത്. നാളെ എന്നംക്കെ എന്ന NMK യുടെ മോൾടെ കല്യാണമാണ്. ഇന്ന് കല്യാണത്തലേന്ന്. മൈലാഞ്ചി.എന്നേം വിളിച്ചിട്ടുണ്ട്.NMK നാട്ടിലെ പൗരപ്രമുഖനും രാഷ്ട്രീയ നേതാവുമാണ്.
സഹൃദയനും സൗമ്യനുമാണ്.

"ഇവിടെ ഒന്നു കയറീട്ട് പോവാം"
ഞാൻ പറഞ്ഞു.
"അതിന് എന്നെ ക്ഷണിച്ചിട്ടൊന്നുമില്ലല്ലോ"
"സാരല്യ അങ്ങേർക്ക്
സന്തോഷാവും "

അങ്ങനെ മറ്റുവണ്ടികൾക്കി ടയിലൂടെ സാഹസീകമായി സൂ.സ്റ്റാർ വണ്ടി കല്യാണപ്പന്തലിൻ്റെ കവാടത്തിൽ 'ക്ഷഡൻ' ബ്രേക്കിട്ട് നിർത്തി.
" പന്തൽലിക്ക് കേറ്റണോ"
"വേണ്ട" ഞാമ്പറഞ്ഞു.

കല്യാണത്തലേന്ന് കൂടാൻ വന്ന ജനം ഇരമ്പിയാർത്തു.ഞങ്ങളൊരു വിധം ഒരു മുറിയിൽ എത്തീന്നു പറഞ്ഞാപ്പോരേ.
ആ മുറീലിക്ക് ഒരു വിധം എന്നെംക്കെ കടന്നു വന്ന് പറഞ്ഞു.'ഒരു സൂചന തരാർന്നില്ലേ? ചോറ് വെയിക്കാൻ കുത്തിരിക്കണോല് മേശേം കസേരം ബിരിയാണിച്ചെമ്പും തട്ടിമറിച്ച് ദാ ഈ റൂമിൻ്റെ ചിറ്റോറം വന്നിട്ടുണ്ട്. വാതലും ജനലും തച്ചു പൊളിക്കും ന്നാ തോന്നണത് '
അപ്പോ, അതു NMK പറഞ്ഞപ്പോൾ എടുത്തതാ ഈ ഫോട്ടം.

NMK യുടെ വർത്താനം കേട്ട്
ചിരിച്ചതല്ലാതെ
സൂ.സ്റ്റാർ മറുപടി ഒന്നും പറഞ്ഞില്ല. വി.കെ ശ്രീരാമന്‍ കുറിച്ചു.

Ads by Google
Wednesday 11 Jun 2025 11.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google