Monday, March 23, 2026 Last Updated 15 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Jun 2025 08.37 AM

തീപിടിച്ച ചരക്കു കപ്പലിലെ കണ്ടയ്‌നറുകള്‍ കേരളത്തിന്റെ തീരത്തേക്ക് എത്താനുള്ള സാധ്യത കൂടി

uploads/news/2025/06/785622/ship-fire-1.jpg

കൊച്ചി/കണ്ണൂര്‍: തീപിടിച്ച ചരക്കു കപ്പലിലെ കണ്ടയ്‌നറുകള്‍ കേരളത്തിന്റെ തീരത്തേക്ക് എത്താനുള്ള സാധ്യത കൂടി. കാറ്റിന്റെ ദിശ കേരള തീരത്തേക്കാണ്. കാറ്റ് തെക്കോട്ടും വീശുന്നതുമൂലം സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളുടെ തീരത്തേക്കും കണ്ടയ്‌നറുകള്‍ ഒഴുകിയെത്താമെന്ന് സമുദ്രശാസ്ത്രജ്ഞര്‍ പറയുന്നു. നേരത്തേ കൊച്ചിക്കും കോഴിക്കോടിനും ഇടയില്‍ കണ്ടയ്‌നറുകള്‍ ഒഴുകിയെത്താമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

തീപിടിച്ച ചരക്ക് കപ്പലിനു തീപിടിച്ച സംഭവത്തില്‍ രാസമാലിന്യമുണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടല്‍വെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കടല്‍വെള്ള പരിശോധന നടത്താന്‍ തീരുമാനിച്ചത്. കപ്പലിലുള്ള 157 കണ്ടെയിനറുകളില്‍ ആസിഡ്, ലിഥിയം ബാറ്ററികള്‍, വെടിമരുന്ന്, ടെര്‍പന്റൈന്‍ എന്നിവ ഉള്‍പ്പെടെ അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ വസ്തുക്കളെല്ലാം വേഗത്തില്‍ തീപിടിക്കുന്നതും പരിസ്ഥിതിക്ക് ദോഷകരവും ആയിട്ടുള്ളതാണ്. പയ്യാമ്പലം ബീച്ച്, വടകര, അഴീക്കല്‍, മറ്റ് പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ജലസാമ്പിള്‍ പരിശോധിച്ചു തുടങ്ങി. കപ്പല്‍ അപകടം സംഭവിച്ച സ്ഥലത്തുനിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള അഴീക്കല്‍ തുറമുഖത്തെ ഒരു ഉദ്യോഗസ്ഥന് കപ്പലില്‍ നാല് അപകടരമായ വസ്തുക്കള്‍ ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു.

കടലിലെ ജൈവ സമ്പത്തിനെയും ജല സുരക്ഷയെയും ഇത് ബാധിക്കുമെന്ന ആശങ്ക പ്രദേശവാസികളും മല്‍സ്യബന്ധന തൊഴിലാളികളും പ്രകടിപ്പിച്ചു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കിയുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Ads by Google
Wednesday 11 Jun 2025 08.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google