കൊച്ചി: ഡോമിനിക് മാര്‍ട്ടിന്‍ ഏകപ്രതിയായ കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍ വാട്‌സാപ്പ് സന്ദേശമായാണ് ഭീഷണി സന്ദേശമെത്തിയത്. മെയ് 14 ന് രാത്രിയില്‍ മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. കളമശ്ശേരി പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. 2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു.
സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.