കൊച്ചി: വന്ദേഭാരത് ട്രെയിനുകളിലും മറ്റും വിതരണം ചെയ്യാന്‍ തയ്യാറാക്കിയത് ഉള്‍പ്പെടെ പഴകിയ ഭക്ഷണം കൊച്ചിയില്‍ നിന്നും പിടികൂടി. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം കടവന്ത്രയില്‍ നടത്തിയ പരിശോധനയില്‍ 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന പേരില്‍ കടവന്ത്രയില്‍ നടത്തിവന്ന സ്ഥാപനത്തില്‍ നിന്നുമാണ് ഈച്ചയരിക്കുന്നതും അഴുകിയ നിലയിലുമുള്ള ഭക്ഷണം കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരുന്ന കാലാവധി കഴിഞ്ഞ ഭക്ഷണമാണ് പിടികൂടിയതെന്നും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നുമാണ് അധികൃതര്‍ പറഞ്ഞത്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഭക്ഷണമാണ് പിടികൂടിയത്. മുട്ട, ചിക്കന്‍, മാംസ വിഭവങ്ങളും ചപ്പാത്തിയും ദാലും കറികള്‍, ചിപ്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു.
വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനമാണിതെന്നാണ് സൂചന. അതേസമയം പരിശോധന നടക്കുമ്പോള്‍ ഇവിടെ പണിയെടുക്കുന്ന ചില ബംഗാളികള്‍ അല്ലാതെ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നു. മോശമായ ഭക്ഷണത്തിന്റെ പേരില്‍ നേരത്തേയും താക്കീത് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുള്ള സ്ഥാപനമാണ് ഇതെന്നും എന്നാല്‍ പല തവണ നടപടിയെടുത്തിട്ടും വീണ്ടും ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്നും വിവരമുണ്ട്.