Thursday, March 26, 2026 Last Updated 1 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 May 2025 12.56 PM

പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു, ജനവാസ മേഖലകളില്‍ പ്രകോപനം തുടരുന്നു: സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

operation, sindoor, updates

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശ്രീനഗര്‍ മുതല്‍ നലിയ വരെയുള്ള 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തി. ഇവയെ ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളും സൈനികര്‍ക്ക് പരുക്കുമേറ്റിട്ടുണ്ട്.പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈല്‍ ആക്രമണങ്ങളും പാക്കിസ്ഥാന്‍ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങള്‍ക്ക് സമീപമുള്ള മെഡിക്കല്‍ സെന്ററിലും സ്‌കൂളിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണ്. തിരിച്ചടിയെന്നോണം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളില്‍ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുകൂര്‍ എന്നിവിടങ്ങളില്‍ യുദ്ധവിമാനങ്ങളില്‍നിന്ന് എയര്‍ലോഞ്ച് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്രൂര്‍, സിയാല്‍കോട്ട് എന്നിവിടങ്ങളിലെ റഡാര്‍ സ്റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നടപടി പാക്കിസ്ഥാന്‍ തുടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദംപുരിലെ ഇന്ത്യയുടെ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനവും സൂറത്ത്ഗഢിലെയും സിര്‍സയിലെയും എയര്‍ഫീല്‍ഡുകളും നഗ്രോട്ടയിലെ ബ്രഹ്‌മോസ് ബേസ്, ചണ്ഡീഗഡ് ഫോര്‍വേഡ് അമ്യൂണിഷന്‍ ഡിപ്പോ എന്നിവിടങ്ങള്‍ തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ജനവാസ കേന്ദ്രങ്ങളില്‍ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കുപ്വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ്‌നൂര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇതില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഘര്‍ഷം അടുത്തതലത്തിലേക്ക് എത്തിക്കാന്‍ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. എന്നാല്‍ പാക്കിസ്ഥാനില്‍നിന്ന് പ്രകോപനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Saturday 10 May 2025 12.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google