Tuesday, March 24, 2026 Last Updated 4 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 10 May 2025 12.09 PM

പാക്കിസ്ഥാനിലെ നാലോളം വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

india, target, 4, pakistani, airbase

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് ശനിയാഴ്ച പാകിസ്താന്‍ ഡ്രോണ്‍-ഷെല്‍-റോക്കറ്റ് ആക്രമണങ്ങള്‍ക്ക് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്ത്യ ആക്രമണം നടത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച പുലര്‍ച്ചെ പാക്കിസ്ഥാനിലെ നാലോളം വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച ഇന്ത്യയിലെ 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടിയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാക്കിസ്ഥാനിലെ റാവില്‍പിണ്ടിയ്ക്ക് സമീപമുള്ള നുര്‍ ഖാന്‍, ഝാങ്ങിലെ റഫീഖി, ചക്വാലിലെ മുറിദ് എന്നീ വ്യോമതാവളങ്ങളില്‍ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായും അടച്ചു. പാക്കിസ്ഥാന്‍ തലസ്ഥാനത്ത് നിന്നും ഏതാണ്ട് 10 കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള വ്യോമ താവളമാണ് നുര്‍ ഖാന്‍. വന്‍ സ്‌ഫോടനത്തിന് പിന്നാലെ നുര്‍ ഖാന്‍ വ്യോമതാവളത്തില്‍ തീ പടരുന്ന ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പിച്ചിട്ടില്ല. ചക്ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുര്‍ ഖാന്‍ പാക്കിസ്ഥാന്റെ വളരെ പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ്.

നിയന്ത്രണ രേഖയില്‍ (എല്‍ഒസി) പല സ്ഥലങ്ങളിലും ഇപ്പോഴും ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുള്ള 26 സ്ഥലങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സായുധ ഡ്രോണുകള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നതായാണ് എഎന്‍ഐ റിപ്പോര്‍ട്ട്. ബാരാമുള്ള, ശ്രീനഗര്‍, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക്ക, ലാല്‍ഗഡ് ജട്ട, ജയ്‌സാല്‍മര്‍, ബാര്‍മര്‍, ഭുജ്, കുവാര്‍ബെറ്റ്, ലഖി നാല എന്നിവിടങ്ങളിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യമായി പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്താനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Ads by Google
Saturday 10 May 2025 12.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google