ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ നടത്തിയ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാകിസ്താന്‍ സൈന്യത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ തന്നെയാണ് ഇന്നും സൈനിക നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ചത്.
മെയ് എട്ടിന് രാത്രി പാകിസ്താന്‍ ലക്ഷ്യംവെച്ചത് ഇന്ത്യയിലെ 36 കേന്ദ്രങ്ങളായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30-നും ഇടയില്‍ 300-400 ഡ്രോണുകളാണ് പാകിസ്താന്‍ ഇന്ത്യയിലേക്ക് വിട്ടത്. ജമ്മു-കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി 36 ഇടങ്ങളിലായിരുന്നു പാകിസ്താന്റെ ലക്ഷ്യം.
#WATCH | Delhi: Colonel Sofiya Qureshi says, "On the night of May 7 and 8, the Pakistani army violated Indian airspace several times over the entire western border with the intention of targeting military infrastructure. Not only this, the Pakistani army also fired heavy caliber… pic.twitter.com/H5mkCdPqgW— ANI (@ANI) May 9, 2025
എന്നാല്‍, കരസേനയും വ്യോമസേനയും വിജയകരമായി ഈ ഡ്രോണുകളെ തകര്‍ത്തതായി സൈനിക വൃത്തങ്ങള്‍ വെള്ളിയാഴ്ച വ്യക്തമാക്കി. L70, ZU-23, ഷിക, ആകാശ് എന്നീ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം പാകിസ്താന്‍ ഡ്രോണുകളെ നിലംതൊടീക്കാതെ തകര്‍ത്തുകളഞ്ഞത്.
ഇന്ത്യന്‍ നഗരങ്ങള്‍, ജനവസ മേഖല, സൈനിക കേന്ദ്രങ്ങള്‍ പാകിസ്താന്‍ ലക്ഷ്യമിട്ടുവെന്ന് വിക്രം മിസ്രി പറഞ്ഞു. പാകിസ്താന്‍ നിരന്തരം നുണപ്രചാരണം നടത്തുന്നുവെന്നും മിസ്രി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം അമൃത്‌സര്‍ പോലുള്ള നഗരങ്ങള്‍ ആക്രമിച്ചതിന് ശേഷം പാകിസ്താനെ കുറ്റപ്പെടുത്തിയെന്നുള്‍പ്പടെ ആരോപിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂഞ്ചിലെ നംഖാന സാഹേബ് ഗുരുദ്വാര ആക്രമിച്ചത് പാകിസ്താനാണ്. ശേഷം, ആക്രമിച്ചത് ഇന്ത്യയെന്നത് നുണപ്രചരണം നടത്തി. മതവിദ്വേഷമുണ്ടാക്കാനാണ് പാക് ശ്രമം – വിക്രം മിസ്രി വ്യക്തമാക്കി.