വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ പ്രദേശത്തേക്ക് പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപം പാക് വെടിവെപ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 16 മരിച്ചുവെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശകാര്യ – പ്രതിരോധകാര്യ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ വിശദമാക്കിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണര്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണമാണ് ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ ആരംഭമെന്നും വ്യക്തമാക്കി. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, അദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഢ്, ഫലോദി, നല്‍, ഉത്തര്‍ലായ്, ഭുജ് ഉള്‍പ്പടെയുള്ള വടക്ക് – പടിഞ്ഞാറന്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ ഡ്രോണുകള്‍ മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇവയെ നിര്‍വീര്യമാക്കി. നിരവധി സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള അവശിഷ്ടങ്ങള്‍ ഈ ആക്രണണങ്ങളുടെ പിന്നില്‍ പാകിസ്താന്‍ തന്നെയാണെന്ന് തെളിയിക്കുന്നതാണ് – സോഫിയ ഖുറേഷി വ്യക്തമാക്കി. ഇന്ത്യന്‍ ആക്രമണം പാകിസ്താനി സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചായിരുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ മറുപടി നല്‍കുമെന്നും ആവര്‍ത്തിച്ചു.