Tuesday, March 24, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 06 May 2025 11.59 AM

നന്തന്‍കോട് കൂട്ടക്കുരുതിയില്‍ വിധി മറ്റന്നാള്‍ ; പ്രതിയുടെ മാനസികാവസ്ഥയില്‍ ആറുവര്‍ഷം മാറ്റിവെച്ച കേസ്

uploads/news/2025/05/779513/kedal.jpg

കോളിളക്കമുണ്ടാക്കിയ നന്തന്‍കോട് കൂട്ടക്കുരുതി കേസില്‍ വിധി മറ്റന്നാള്‍. തിരുവനന്തപുരം ജില്ല അഡീഷണല്‍ കോടതി ആറാണ് വിധി പറയുക. കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ മാനസികാരോഗ്യം ഉള്‍പ്പെടെയുള്ള കാര്യം പരിഗണിച്ച് ആറു വര്‍ഷം വിചാരണ മാറ്റിവെച്ച കേസിലാണ് എട്ടാം തീയതി വിധി പറയുക.

മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൂട്ടക്കുരുതിക്ക് വിധേയമാക്കിയ കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലയില്‍ ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2017 ഏപ്രില്‍ ഒമ്പതിനായിരുന്നു നടുക്കിയ സംഭവം അരങ്ങേറിയത്. ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെയായിരുന്നു കേഡല്‍ കൊലപ്പെടുത്തിയത്.

മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റിലായത്. ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നൈയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേഡല്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തിന് തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. മാനസികാരോഗ്യം കണക്കിലെടുത്ത് പ്രതി കേഡലിനെ മാനസിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Ads by Google
Tuesday 06 May 2025 11.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google