കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക!. പുക ഉയര്‍ന്നതോടെ സൈറന്‍ മുഴങ്ങിയതില്‍ പരിഭ്രാന്തരായ രോഗികള്‍ പലരും താഴേക്ക് ഇറങ്ങി ഓടി. അത്യാഹിത വിഭാഗത്തിലെ 6-ാം നിലയിലാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനക്കിടെ പുക കണ്ടത്. പുക ഉയര്‍ന്നതിനെ തുടര്‍ന്നു കെട്ടിടത്തിലെ മറ്റു നിലകളിലുണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചു.
ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അനുമതിയോടെയാണ് ഇന്നലെ കെട്ടിടത്തില്‍ മൂന്ന്, നാല് നിലകളില്‍ രോഗികളെ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ചയും അത്യാഹിത വിഭാഗത്തില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്്ക്ക് രണ്ടോടെയാണ് പി.ഡബ്ല്യു.ഡി. ഇലക്്രടിക്കല്‍ വിഭാഗത്തിന്റെ പരിശോധനക്കിടെ ആറാംനിലയിലെ 14-ാം നമ്പര്‍ മുറിയില്‍നിന്ന് പുക ഉയര്‍ന്നതെന്ന് മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ.സജീത്ത്കുമാറും സൂപ്രണ്ട് ഡോ.എം.പി. ശ്രീജയനും പറഞ്ഞു. അഗ്നിരക്ഷാസേന എത്തിയാണ് പുക ശമിപ്പിച്ചത്. കാര്‍ഡിയാക് ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തന സജ്ജമാക്കാനിരിക്കുന്നതിനിടെയാണ് ഇന്നലെ പരിശോധന നടത്തിയത്. പുക ഉയര്‍ന്ന സമയത്തുതന്നെ മൂന്ന്, നാല് നിലകളിലെ വാര്‍ഡുകളില്‍ ഉണ്ടായിരുന്ന 20 രോഗികളെ ഒഴിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിലും പുകയിലും അടച്ചിട്ട കെട്ടിടത്തിലാണ് ഇന്നലെ രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞയുടന്‍ വീണ്ടും പുകയുയര്‍ന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും രോഗികളുടെ ജീവന്‍വച്ചുള്ള കളി അനുവദിക്കാനാകില്ലെന്നും സ്ഥലത്തെത്തിയ എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വിവിധ യുവജനസംഘടനകളും മെഡിക്കല്‍കോളജില്‍ പ്രതിഷേധം സംഘടിപ്പിച്ചു.