Tuesday, March 24, 2026 Last Updated 7 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 11.04 AM

സുധാകരന്‍ ഇല്ലെങ്കില്‍ സിപിഐഎം മേഞ്ഞുനടക്കും ; ആലുവയ്ക്ക് പിന്നാലെ പാലക്കാട്ടും പോസ്റ്ററുകള്‍

uploads/news/2025/05/779288/kk-sudhakaran-kpcc.gif

പാലക്കാട്: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ പേര് ഉടന്‍ തന്നെ അറിയാമെന്നിരിക്കെ നിലവിലെ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനെ ലക്ഷ്യമിട്ട് പാലക്കാട് പോസ്റ്ററുകള്‍. പിണറായിയെ അടിച്ചിടാന്‍ ഇപ്പോള്‍ ഒരാള്‍ക്കേ കഴിയൂ അത് കെ.സുധാകരനാണെന്നും പോസ്റ്ററില്‍ പറയുന്നു. പാലക്കാട് ഡിസിസി ഓഫീസിനും പ്രസ്‌ക്ലബ്ബിനുമെല്ലാം മുന്നിലായി പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍ കെ. സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് ആവശ്യപ്പെടുന്നു.

വലിയ കടലാസില്‍ കൈകൊണ്ട് എഴുതിയ രീതിയിലാണു ഇവിടെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരാണെന്നും സുധാകരന്‍ ഇല്ലെങ്കില്‍ സിപിഐഎം മേഞ്ഞുനടക്കുമെന്നും പറയുന്നു. കെ.സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയേക്കുമെന്നും പകരം പുതിയ ആളെ പരിഗണിച്ചേക്കുമെന്നുമാണ് കേള്‍ക്കുന്നത്. നേരത്തേ ആന്റോആന്റണിയുടേയും സണ്ണിജോസഫിന്റെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരേ ഇന്നലെ ആലുവയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഫോട്ടോ കണ്ടാല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും സണ്ണി ജോസഫുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്നു പോസ്റ്ററില്‍ പറഞ്ഞിരുന്നു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു പുറമെ കളമശേരി, മുട്ടം, സമീപ പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സമാന രീതിയില്‍ പോസ്റ്റര്‍ പാലക്കാട്ടും കണ്ടത്.

അതേസമയം കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നു മാറണമെന്ന നേരിയ സൂചനപോലും തനിക്കു ലഭിച്ചിട്ടില്ലെന്നാണ് സുധാകരന്റെ പ്രതികരണം. തന്നെ മാറ്റണമെങ്കില്‍ ഡല്‍ഹിക്കു വിളിപ്പിക്കേണ്ട കാര്യമില്ല. ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയും. തന്നെ രോഗിയായി ചിത്രീകരിച്ച് മൂലയ്ക്കിരുത്താന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു. അതിനു പിന്നില്‍ സംസ്ഥാനത്തെ ഒരു നേതാവാണ്. അഖിലേന്ത്യാ കമ്മിറ്റി തന്നെ മാറ്റില്ലെന്ന് ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ തനിക്ക് എത്രയോ വര്‍ഷത്തെ പാരമ്പര്യമുണ്ട്.

ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് താനല്ലേ പറയേണ്ടത്. എന്ത് ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും ചികിത്സാസൗകര്യമില്ലേ? തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ? താന്‍ 'നോര്‍മല്‍' അല്ലാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണു നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നത്. കെ. സുധാകരന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള സുധാകരനേക്കാള്‍ പുതിയൊരു നേതൃത്വം വരണമെന്നാണു ഹൈക്കമാന്‍ഡ് അറിയിച്ചത് എന്നാണു സൂചനകള്‍.

Ads by Google
Monday 05 May 2025 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google