Tuesday, March 24, 2026 Last Updated 1 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 May 2025 10.43 AM

അക്ഷയാസെന്ററില്‍ നിന്നുള്ള വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷ എഴുതാനെത്തി ; വിദ്യാര്‍ഥിയെയും ഒപ്പമുണ്ടായിരുന്ന അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു

uploads/news/2025/05/779284/neet-exam.jpg

പത്തനംതിട്ട: വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിയെയും ഒപ്പമുണ്ടായിരുന്ന അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിദ്യാര്‍ഥിയെ കുടുക്കിയത് നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്ററില്‍നിന്നു ലഭിച്ച അഡ്മിറ്റ് കാര്‍ഡെന്നു സൂചന. വ്യാജ അഡ്മിറ്റ് കാര്‍ഡുമായി ഇന്നലെ ജില്ലാ ആസ്ഥാനത്തെ പരീക്ഷാ സെന്ററായ തൈക്കാവ് ഗവ. വി.എച്ച്.എസ്.എസ് ആന്‍ഡ് ജി.എച്ച്.എസ്.എസിലാണു വിദ്യാര്‍ഥി എത്തിയത്. അഡ്മിറ്റ് കാര്‍ഡില്‍ ആകെ തെറ്റുകളായിരുന്നു.

ആദ്യഭാഗത്ത് വിദ്യാര്‍ഥിയുടെ പേര്, അമ്മയുടെ പേര്, ജനനത്തീയതി എന്നിവയാണുള്ളത്. ഏറ്റവും താഴെയായുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഭാഗത്ത് തിരുവനന്തപുരം മുള്ളുവിള സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരും വിലാസവുമാണ് ഉണ്ടായിരുന്നത്. അഡ്മിറ്റ് കാര്‍ഡിലെ പരീക്ഷാ സെന്റര്‍ പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ്. വിദ്യാര്‍ഥി ആദ്യം അവിടെയാണു പരീക്ഷയ്ക്കു ചെന്നത്. അവിടെ സെന്ററില്ലെന്നു മനസിലാക്കി തൊട്ടടുത്ത സെന്ററായ തൈക്കാവ് ഗവ. വി.എച്ച്.എസ്.എസ് ആന്‍ഡ് ജി.എച്ച്.എസ്.എസില്‍ ചെല്ലുകയായിരുന്നു.

അഡ്മിറ്റ് കാര്‍ഡിലെ തെറ്റുകള്‍ കണ്ടപ്പോള്‍ പരീക്ഷാ സെന്ററിലുള്ളവര്‍ക്കു സംശയം തോന്നി. എന്നാല്‍, തനിക്ക് അക്ഷയ സെന്ററില്‍നിന്നു ലഭിച്ചതാണെന്ന നിലപാടില്‍ വിദ്യാര്‍ഥി ഉറച്ചുനിന്നു. തൈക്കാവ് സ്‌കൂളില്‍ അഞ്ഞുറോളം പേര്‍ക്കാണു പരീക്ഷയ്ക്കു സെന്റര്‍ അനുവദിച്ചിരുന്നത്.

നിരവധിപ്പേര്‍ പരീക്ഷയ്ക്ക് എത്താതിരുന്നതോടെ അയാളെയും പരീക്ഷ എഴുതാന്‍ അനുവദിക്കുകയായിരുന്നു. ക്ലെറിക്കല്‍ പിഴവാണെന്ന നിഗമനത്തിലാണു പരീക്ഷയ്ക്ക് ഇരിക്കാന്‍ അനുവദിച്ചത്. എന്നാല്‍, വൈകിട്ട് മൂന്നു മണിയോടെ പരീക്ഷാ സെന്റര്‍ നിരീക്ഷകന്‍ ഡോ. മഹേഷ് വ്യാജ അഡ്മിറ്റ് കാര്‍ഡുമായി ഒരാള്‍ പരീക്ഷയ്ക്ക് വന്നുവെന്നു പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു പത്തനംതിട്ട ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ബിനു വര്‍ഗീസ്, ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ എസ്.എച്ച്.ഓ കെ.എസ്. വിജയന്‍ എന്നിവര്‍ സ്ഥലത്തു വന്ന് വിദ്യാര്‍ഥിയെയും അമ്മയെയും കസ്റ്റഡിയില്‍ എടുത്തു.

നെയ്യാറ്റിന്‍കരയിലുള്ള അക്ഷയ സെന്ററില്‍നിന്നും വാട്‌സ്ആപ്പില്‍ അയച്ചു കിട്ടിയ അഡ്മിറ്റ് കാര്‍ഡ് കമ്പ്യൂട്ടര്‍ സെന്ററില്‍നിന്നു പ്രിന്റ് എടുത്താണ് പരീക്ഷയ്ക്കു വന്നത് എന്ന് അവര്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ അമ്മ കാരക്കോണം മെഡിക്കല്‍ കോളജിലെ സ്വീപ്പറാണ്. അവര്‍ക്കു പരിചയമുള്ള അക്ഷയ സെന്ററില്‍ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വിവരങ്ങള്‍ നല്‍കിയിരുന്നു. അഡ്മിറ്റ് കാര്‍ഡ് എടുക്കുന്നതിനായി 1050 രൂപയും സെന്ററില്‍ നല്‍കിയെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ വാട്‌സ്ആപ്പില്‍ അഡ്മിറ്റ് കാര്‍ഡ് അയച്ചു നല്‍കുകയായിരുന്നു.

അക്ഷയ സെന്റര്‍ ജീവനക്കാരി അപേക്ഷ അയയ്ക്കാതിരിക്കുകയും അഡ്മിറ്റ് കാര്‍ഡ് ചോദിച്ചപ്പോള്‍ വ്യാജമായി നിര്‍മിച്ച് കൊടുക്കുകയും ചെയ്തുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അവിടെ തന്നെ പ്രിന്റൗട്ട് എടുത്ത മുള്ളുവിള സ്വദേശിയുടെ അഡ്മിറ്റ് കാര്‍ഡില്‍ കേസില്‍ കുടുങ്ങിയ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണു പോലീസ് സംശയിക്കുന്നത്. അക്ഷയ സെന്റര്‍ ജീവനക്കാരിയെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Ads by Google
Monday 05 May 2025 10.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google