ന്യൂഡല്‍ഹി: പാകിസ്താന്‍ സ്വദേശിനിയെ വിവാഹം കഴിക്കുന്ന കാര്യം മേലധികാരികളെ അറിയിച്ചിരുന്നതായും തന്റെ പക്കല്‍ അതിന്റെ തെളിവുകളുണ്ടെന്നും പിരിച്ചുവിടപ്പെട്ട സി.ആര്‍.പി.എഫ്. ജവാന്‍ മുനീര്‍ അഹമ്മദ്. തനിക്ക് നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും അഭ്യര്‍ഥിക്കുകയാണെന്നും മുനീര്‍ അഹമ്മദ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
വിസ കാലാവധി കഴിഞ്ഞിട്ടും ഭാര്യ ഇന്ത്യയില്‍ താമസിച്ച കാര്യം അധികൃതരെ അറിയിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മുനീറിനെ പിരിച്ചുവിട്ടത്. എന്നാല്‍, എല്ലാ കാര്യങ്ങളും മേലധികാരികളെ അറിയിച്ചിരുന്നതായും തന്റെ പക്കല്‍ അതിനു തെളിവുകളുണ്ടെന്നും മുനീര്‍ പറഞ്ഞു. ഈ രേഖകള്‍ ഉള്‍പ്പെടെ ശരിയായ മാര്‍ഗത്തിലൂടെ അധികൃതരെ സമീപിച്ചതായും മുനീര്‍ പറഞ്ഞു.
പാകിസ്താനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ മിനാല്‍ ഖാനും മുനീര്‍ അഹമ്മദും കഴിഞ്ഞ വര്‍ഷം മേയ് 24-ന് വീഡിയോ കോളിലൂടെയാണ് വിവാഹിതരായത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ താല്‍ക്കാലിക വിസയില്‍ ഭാര്യ ഇന്ത്യയിലെത്തി. അവധിയിലായിരുന്ന താന്‍ മാര്‍ച്ച് 23-ന് വീണ്ടും ജോലിയില്‍ പ്രവേശിച്ചതായി മുനീര്‍ പറഞ്ഞു. എല്ലാ വിവരങ്ങളും സി.ആര്‍.പി.എഫ്. അധികൃതരെ അറിയിച്ചു. ഭാര്യയുടെ വിസയുടെ പകര്‍പ്പും കൈമാറി. ദീര്‍ഘകാല വിസയ്ക്കായി അപേക്ഷിച്ചിട്ടുള്ള വിവരവും അറിയിച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ഭോപ്പാലിലേക്കു സ്ഥലം മാറ്റി.
2027 വരെ തന്നെ ജമ്മു കശ്മീരിലാണു നിയമിച്ചിരുന്നതെങ്കിലും പെട്ടെന്നു സ്ഥലംമാറ്റുകയായിരുന്നു. മറ്റൊരു ബറ്റാലിയനിലേക്കു മാറ്റുമ്പോള്‍ ജോലിയില്‍ പ്രവേശിക്കാന്‍ 15 ദിവസത്തെ സമയം അനുവദിക്കാറുണ്ട്. എന്നാല്‍, തനിക്ക് അതു ലഭിച്ചില്ലെന്നും ട്രെയിന്‍ ടിക്കറ്റ് പോലും ലഭിച്ചില്ലെന്നും മുനീര്‍ അഹമ്മദ് പറഞ്ഞു. ഭോപ്പാലിലെ 41-ാം ബറ്റാലിയനില്‍ ജോലിയില്‍ പ്രവേശിക്കുകയും അധികൃതരുമായി അഭിമുഖം നടക്കുകയും ചെയ്തു. പാക് യുവതിയെ വിവാഹം കഴിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അവരെയും അറിയിച്ചു. സ്ഥലംമാറ്റത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറലിനു താന്‍ അപേക്ഷ നല്‍കിയിരുന്നതായും അത് പരിഗണനയിലാണെന്നും മുനീര്‍ അഹമ്മദ് വിശദീകരിച്ചു.
സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടതില്‍ താന്‍ ഞെട്ടിപ്പോയി എന്ന് മുനീര്‍ പറഞ്ഞു. 'ഒരു ജവാന്‍ എന്ന നിലയില്‍ എനിക്ക് നീതി ലഭിക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുനീര്‍ അഹമ്മദ് പറഞ്ഞു. പാകിസ്താനിലെ സിയാല്‍ക്കോട്ട് സ്വദേശിയായ മിനാല്‍ ഖാനും മുനീര്‍ അഹമ്മദും കഴിഞ്ഞവര്‍ഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. മിനാലിനെ വിവാഹം കഴിക്കാന്‍ മുനീര്‍ 2023-ല്‍ സി.ആര്‍.പി.എഫില്‍നിന്ന് അനുമതി തേടിയിരുന്നു. എന്നാല്‍, വകുപ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പുതന്നെ ഇരുവരും വിവാഹിതരായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിവാഹം.
തുടര്‍ന്ന് മിനാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹ്രസ്വകാല വിസയില്‍ ഇന്ത്യയിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 22-ന് വിസാ കാലാവധി അവസാനിച്ച തോടെ നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കി. ദീര്‍ഘകാല വിസയ്ക്കായിരുന്നു അപേക്ഷ നല്‍കിയിരുന്നത്. പക്ഷേ, ഇത് അംഗീകരിക്കപ്പെട്ടില്ല. യുവതിയെ പാകിസ്താനിലേക്ക് തിരിച്ചയക്കാന്‍ തയാറാകാത്ത മുനീറിന്റെ നടപടിയാണ് വിവാദമായത്. അതിനിടെ, പഹല്‍ഗാം ആക്രമണത്തെ ത്തുടര്‍ന്ന് പാക് പൗരന്മാര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
തുടര്‍ന്ന് മിനാല്‍, വാഗ-അട്ടാരി അതിര്‍ത്തി വരെ എത്തിയിരുന്നു. പക്ഷേ, ദീര്‍ഘകാല വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുനീറിന്റെ കുടുംബം ഇതിനിടെ ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് അവസാനനിമിഷം രാജ്യം വിടുന്നത് കോടതി താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. അതിനാല്‍ മിനാല്‍ ജമ്മുവിലേക്ക് തന്നെ മടങ്ങി.