കൊച്ചി: ചോറ്റാനിക്കരയിലേ പോക്‌സോ അതിജീവിതയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 120 ഓളം പേജുള്ള കുറ്റപത്രമാണു ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതില്‍ പോലീസ് നല്‍കിയത്. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തായിരുന്ന അനൂപിനെതിരേ കുറ്റകരമായ നരഹത്യ, ബലാത്സംഗശ്രമം, ആയുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. കേസില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്.
പെണ്‍കുട്ടിയെ മര്‍ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക, ബെല്‍റ്റ്, ഷോള്‍ എന്നിവ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ട്. സംഭവ ദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും നിര്‍ണായകമെന്നു പോലീസ് വ്യക്തമാക്കി. ജനുവരി 26-നാണു പോക്‌സോ അതിജീവിതയെ വീടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. യുവാവിന്റെ ആക്രമണത്തിനു പിന്നാലെ ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി രണ്ടുദിവസത്തിനുശേഷം ആശുപത്രിയില്‍ വച്ചാണു മരിച്ചത്.
മറ്റൊരാളുമായി പെണ്‍കുട്ടിക്കു സൗഹൃദമുണ്ടെന്ന സംശയത്തിലായിരുന്നു യുവാവിന്റെ മര്‍ദനം. പോക്‌സോ കേസ് അതിജീവിതയാണു 19 വയസുകാരിയായ പെണ്‍കുട്ടി. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കൊടും ക്രൂരതയ്‌ക്കൊടുവില്‍ 'പോയി ചത്തോ' എന്ന് അനൂപ് ആക്രോശിച്ചതോടെയാണു പെണ്‍കുട്ടി ഷാളില്‍ തൂങ്ങിയത്. ഇതും പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചതുമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഒരുപകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചതും ജീവന്‍ അപകടത്തിലാക്കി. വീട്ടില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കും മുമ്പുതന്നെ പെണ്‍കുട്ടിക്കു മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍നിന്നു പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യം എന്നാണു പോലീസ് വിശദീകരണം. അനൂപിന്റെ വാക്കുകള്‍ വിശ്വസിച്ച് അമ്മയോടുപോലും പെണ്‍കുട്ടി തര്‍ക്കിച്ചിരുന്നു. തന്റെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെണ്‍കുട്ടിയുമായി അടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.