Thursday, March 26, 2026 Last Updated 2 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 May 2025 10.17 AM

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പരാമര്‍ശം പരിഭാഷയില്‍ പാളി ; 'ഇന്‍ഡി അലയന്‍സ്' എയര്‍ലൈന്‍സായി; അങ്ങനെയല്ലല്ലോ എന്നു മോദി

uploads/news/2025/05/778973/modi-1.jpg

തിരുവനന്തപുരം: 'ഇന്‍ഡി അലയന്‍സ്' എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിനെ 'എയര്‍ലൈന്‍സ്' എന്നു പരിഭാഷപ്പെടുത്തിയതു ചിരിപിടര്‍ത്തിയെങ്കിലും പിന്നാലെ പ്രതിഷേധവും വിവാദവും. വിഴിഞ്ഞത്ത് പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പരാമര്‍ശമാണു പരിഭാഷയില്‍ പാളിയത്. ' മുഖ്യമന്ത്രി ഇന്‍ഡി അലയന്‍സിന്റെ കരുത്തുള്ള തൂണാണ്. ശശി തരൂരും ഇവിടെയുണ്ട്. ഇന്നത്തെ ചടങ്ങ് പലരുടെയും ഉറക്കംകെടുത്തും.'-ഇങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍, നേരത്തെ എഴുതി നല്‍കിയ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താത്ത വിഷയം, പ്രധാനമന്ത്രി പെട്ടെന്നു പറഞ്ഞപ്പോള്‍ പരിഭാഷകനായ ഹിന്ദി അധ്യാപകന്‍ പള്ളിപ്പുറം ജയകുമാറിന് കൃത്യമായി പിടികിട്ടിയില്ല. അദ്ദേഹം പരിഭാഷപ്പെടുത്തിയത് ഇങ്ങനെ: ''നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നല്‍കണം.''

താന്‍ പറഞ്ഞതല്ല പരിഭാഷയെന്ന് മോദിക്ക് പിടികിട്ടി. സദസും നിശബ്ദമായി. പരിഭാഷ പാളിയെന്നും എന്നാല്‍, സന്ദേശം എത്തേണ്ടിടത്ത് എത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഭാഷകന് തന്റെ രാഷ്ട്രീയ വാക്കുകള്‍ മനസിലായില്ലെന്നും മോദി വിശദീകരിച്ചു. പിന്നാലെ സദസില്‍ ചിരിപടര്‍ന്നു. എന്താണ് സംഭവിച്ചതെന്ന് വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിക്കുന്നതും കാണാമായിരുന്നു. പരിഭാഷകനെ വയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനുമായി ബി.ജെ.പി. രംഗത്തെത്തി. പക്ഷേ മോദിയുടെ ഒന്നിലധികം പ്രസംഗങ്ങള്‍ തല്‍സമയം വിവര്‍ത്തനം ചെയ്ത വ്യക്തിയാണ് പള്ളിപ്പുറം ജയകുമാര്‍.

സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗമാണ് പരിഭാഷകനെ നിശ്ചയിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി പരിഭാഷകനു നല്‍കുകയും ചെയ്തിരുന്നു. 2023ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രസംഗിച്ചപ്പോഴും ജയകുമാര്‍ തന്നെയായിരുന്നു പരിഭാഷകന്‍. അന്ന് ജയകുമാറിനെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 9 വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നത് ജയകുമാറാണ്. അതേസമയം ഓഡിയോ പ്രശ്‌നംമൂലമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ പിഴവുണ്ടായതെന്ന് പരിഭാഷകന്‍ പള്ളിപ്പുറം ജയകുമാര്‍ പറഞ്ഞു. അലയന്‍സ് എന്നത് എയര്‍ലൈന്‍സ് എന്നാണു കേട്ടത്.

പ്രസംഗത്തിന്റെ കോപ്പി നേരത്തേ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ജയകുമാര്‍ വിശദീകരിച്ചു. മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ജയകുമാര്‍. കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ദൂരദര്‍ശനില്‍ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 'വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം പരിഭാഷപ്പെടുത്തിയിരുന്നു.

Ads by Google
Saturday 03 May 2025 10.17 AM
YOU MAY BE INTERESTED
Ads by Google
Ads by Google