Thursday, March 26, 2026 Last Updated 9 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.14 AM

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് ; പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും

uploads/news/2025/04/775510/wayanad.jpg

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിന്റെ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. വയനാട് ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ് നിര്‍മാണത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമി ഇന്നലെ സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം 17 കോടി രൂപയും സര്‍ക്കാര്‍ കോടതിയില്‍ കെട്ടി വച്ചിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം എസ്റ്റേറ്റിലെത്തി ഭൂമി ഏറ്റെടുക്കുന്നതായി നോട്ടീസ് പതിച്ചു. എസ്റ്റേറ്റ് ഉടമകള്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത് കൂടി കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ വേഗത്തിലാക്കിയത്. ടൗണ്‍ഷിപ് നിര്‍മിക്കാനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാമെന്നും ഇതിനായി നേരത്തെ നല്‍കിയ തുകയ്ക്കു പുറമെ 17 കോടി രൂപ കൂടി സര്‍ക്കാര്‍ കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ നിശ്ചയിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഈ തുക എസ്‌റ്റേറ്റ് ഉടമകള്‍ക്ക് പിന്‍വലിക്കാമെന്നും ചീഫ് ജസ്റ്റിസ് നിധിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. നു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഹാരിസണ്‍, എല്‍സ്റ്റണ്‍ എസ്‌റ്റേറ്റുകള്‍ നല്‍കിയ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു. ഹര്‍ജികള്‍ ജൂലൈയില്‍ പരിഗണിക്കും.

എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ 78.73 ഹെക്ടര്‍ ഭൂമി 26.5 കോടി രൂപയ്ക്കാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും ഇതു തീരെ കുറവാണെന്നും 549 കോടി മുല്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ മൂല്യനിര്‍ണയം നടത്തി ഭൂമി ഏറ്റെടുക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ച പിന്നാലെ സര്‍ക്കാര്‍ ന്യായവില കുറച്ചെന്നും എസ്‌റ്റേറ്റ് ഉടമകള്‍ ആരോപിച്ചിരുന്നു.

എസ്‌റ്റേറ്റിലെ തേയിലച്ചെടികള്‍ക്ക് 82 കോടി രൂപയും ഫാക്ടറി കെട്ടിടങ്ങള്‍ക്ക് 20 കോടിയും മൂല്യം വരുമെന്നും ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ കെട്ടിടങ്ങളുണ്ടെന്നും എല്‍സ്റ്റണ്‍ പറയുന്നു. എന്നാല്‍ സമീപകാലത്തു നടന്ന 10 ഭൂമി ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചാണ് നഷ്ടപരിഹാരം കണക്കാക്കിയതെന്നും കോടതി ആവശ്യപ്പെട്ടാല്‍ ന്യായവില കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ന്യായവില കണക്കാക്കുന്നതില്‍ ചെറിയ മാറ്റമുണ്ടെന്നും ഇതുപ്രകാരം എസ്‌റ്റേറ്റ് ഉടമകള്‍ക്ക് 16 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 42 കോടി രൂപ നല്‍കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഇന്നലെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

26.5 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് ടൗണ്‍ഷിപ്പിന്റെ നിര്‍മാണോദ്ഘാടനം നേരത്തെ നടത്തിയിരുന്നു. എന്നാല്‍, കേസ് കോടതിയിലായതിനാല്‍ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല.

Ads by Google
Saturday 12 Apr 2025 09.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google