Wednesday, March 25, 2026 Last Updated 59 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 05 Apr 2025 09.43 AM

മുനമ്പം പരിഹാരത്തിന് നിയമനിര്‍മ്മാണമാകാം ; ഹൈക്കോടതിയെ നിലപാടറിയിച്ച് സര്‍ക്കാര്‍

uploads/news/2025/04/774182/munambam-strike.jpg

കൊച്ചി: മുനമ്പം ഭൂമിപ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നു സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രശ്‌നപരിഹാരത്തിനു പോംവഴികളുണ്ടെന്നും അത് കണ്ടെത്താനാണു ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. കമ്മിഷന്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുള്‍പ്പെട്ട ബെഞ്ച്. കമ്മിഷന്റെ പ്രവര്‍ത്തനാനുമതി സംബന്ധിച്ച വിധി ഏഴിന് പുറപ്പെടുവിക്കും.

നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ പൊതുതാത്പര്യം കണക്കിലെടുത്താണു കമ്മിഷനെ നിയമിച്ചതെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ക്രമസമാധാനവിഷയം കൂടിയാണിത്. മുനമ്പത്ത് ഭൂമി ഏറ്റെടുക്കാനുള്‍പ്പെടെ സര്‍ക്കാരിന് അധികാരമുണ്ട്. വഖഫ് ട്രിബ്യൂണലിലെ നടപടികളും ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാവിഷയങ്ങളും വ്യത്യസ്തമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തര്‍ക്കം കമ്മിഷന്റെ പരിഗണനാവിഷയമല്ല. കമ്മിഷന്റെ ശിപാര്‍ശകള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ല. വസ്തുതകള്‍ പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുമ്പ് നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടതു നിയമപരമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ കാലാവധി മേയ് 27-ന് അവസാനിക്കുമെന്നും അതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ച് ഏഴിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നിയമനം റദ്ദാക്കിയ വിധിക്കെതിരായ അപ്പീലില്‍ വിശദവാദം പിന്നീട് കേള്‍ക്കും.

Ads by Google
Saturday 05 Apr 2025 09.43 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google