Wednesday, March 25, 2026 Last Updated 2 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 04 Apr 2025 10.42 AM

നടിയെ ആക്രമിച്ചത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ; ഏല്‍പ്പിച്ചത് ദിലീപെന്ന് പള്‍സര്‍സുനി ; നിര്‍ദേശം ബലാത്സംഗം ചെയ്യാനും ദൃശ്യം പകര്‍ത്താനും

uploads/news/2025/04/773981/pulser-suni.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിക്കാന്‍ തനിക്കു കോടികള്‍ പ്രതിഫലം നല്‍കിയതു നടന്‍ ദിലീപ് തന്നെയാണെന്നു പള്‍സര്‍ സുനി വ്യക്തമാക്കി. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണു തനിക്കു ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നു സ്വകാര്യചാനലിനോടു പള്‍സര്‍ സുനി വെളിപ്പെടുത്തി.

മുഴുവന്‍ തുകയും തനിക്കു കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും സുനി പറഞ്ഞു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി പണം വാങ്ങി. ബലാത്സംഗം ചെയ്യാനാണു ക്വട്ടേഷന്‍ ലഭിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും നിര്‍ദ്ദേശിച്ചു. എന്താണു ചെയ്യാന്‍ ഉദ്ദേശിച്ചതെന്ന് അതിജീവിതയോടു വിശദീകരിച്ചു. അക്രമം ഒഴിവാക്കാന്‍ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. ദിലീപിന്റെ കുടുംബം തകര്‍ത്തതാണു വൈരാഗ്യത്തിന് കാരണമായതെന്നും പള്‍സര്‍ സുനി പറഞ്ഞു. പലതവണ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും ഇയാള്‍ സമ്മതിച്ചു.

അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. എന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു. ഞാന്‍ ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നുവെന്നും പള്‍സര്‍ സുനി പറയുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. കേസില്‍ പ്രധാന തെളിവായ പീഡന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതു കുരുക്കായെന്നും പള്‍സര്‍ സുനി പറയുന്നു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്കു നല്‍കിയെന്നും അഭിഭാഷകയ്ക്കു കൈമാറിയതു പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കി.

അഭിഭാഷകയാണു കാര്‍ഡ് കോടതിക്കു കൈമാറിയതെന്നും മെമ്മറി കാര്‍ഡ് പോലീസിന് കിട്ടിയില്ലെങ്കില്‍ ഇത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നുവെന്നും സുനി പറയുന്നുണ്ട്. പാസ്‌പോര്‍ട്ടും കാര്യങ്ങളും അഭിഭാഷക കോടതിയില്‍ ഹാജരാക്കി. സുരക്ഷിതമായി സൂക്ഷിക്കാന്‍ നല്‍കിയതു കോടതിയില്‍ ഹാജരാക്കുകയാണു ചെയ്തത്. ദൃശ്യങ്ങളുടെ പകര്‍പ്പു നഷ്ടമാകേണ്ടെന്നു കരുതിയാണ് അഭിഭാഷകയ്ക്കു നല്‍കിയത്.

മെമ്മറി കാര്‍ഡ് കോടതിയില്‍ ഹാജരാക്കുമെന്നു പ്രതീക്ഷിച്ചില്ല. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്നു പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചതു പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറയുന്നു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തതു പോലീസിന്റെ കുഴപ്പമാണ്.

ദിലീപിന്റെ അറിവോടെ വേറയും നടിമാരെ ആക്രമിച്ചതായും ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സുനി പറഞ്ഞു. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷേ ആരും ഒന്നും പുറത്തു പറയില്ല. എല്ലാ താരങ്ങളുടേയും പ്രശ്‌നം നിലനില്‍പ്പാണെന്നും സുനി പറഞ്ഞു. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നു പറയുമെന്നും റിമ കല്ലിങ്കലിനെ പോലുള്ളവര്‍ മാത്രമാണു തുറന്നു പറയുകയെന്നും സുനി കൂട്ടിച്ചേര്‍ത്തു.

Ads by Google
Friday 04 Apr 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google