തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരന്‍ ബാലു രാജിവെച്ചു. അവധി തീര്‍ച്ച് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ട സാഹചര്യത്തിലാണ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമെന്നാണ് കത്തില്‍ കാരണം കാണിച്ചിരിക്കുന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയില്‍ വിജയിച്ച് ജോലിയില്‍ പ്രവേശിച്ച ബാലുവിനെ തന്ത്രിമാരുടെ എതിര്‍പ്പ് കാരണം ഓഫീസ് ജോലിയിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് ബാലു ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഈഴവ സമുദായ അംഗമായതിനാല്‍ കഴക ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യര്‍ സമാജവും രംഗത്തെത്തുകയായിരുന്നു. അതേസമയം ക്ഷേത്രത്തിലെ കഴക ജോലികള്‍ക്ക് ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിജയിച്ചായിരുന്നു ബാലു എത്തിയത്.
പ്രതിഷേധം ഉയര്‍ന്നതോടെ ഇനി കഴകം തസ്തികയിലേക്ക് ഇല്ലെന്നും താന്‍ കാരണം ക്ഷേത്രത്തില്‍ ഒരു പ്രശ്‌നം വേണ്ടെന്ന നിലപാടാണ് ബാലു എടുത്തത്. വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടം വെച്ചിരുന്നു. ജോലിക്ക് നിയമിച്ച ഒരാള്‍ക്ക് അത് ചെയ്യാനുള്ള സ്വാതന്ത്ര്യം വേണം എന്നായിരുന്നു മുന്‍ ദേവസ്വം മന്ത്രിയും ലോക്‌സഭാ അംഗവുമായ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.