Wednesday, March 25, 2026 Last Updated 0 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 02 Apr 2025 08.13 AM

വഖഫ് ഭേദഗതി ബില്‍ ഇന്ന് ; ഉച്ചയ്ക്ക് 12 നു ലോക്‌സഭയില്‍ അവതരിപ്പിക്കും

uploads/news/2025/04/773503/parliament.jpg

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ഉച്ചയ്ക്ക് 12 നു ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്ലിന്മേല്‍ 8 മണിക്കൂര്‍ ചര്‍ച്ച നടക്കും. ഇന്നലെ ഉച്ചയ്ക്കു ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തിലാണു തീരുമാനം. യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ഇന്നു സഭയില്‍ ഹാജരാകാന്‍ തങ്ങളുടെ എം.പിമാര്‍ക്കു കോണ്‍ഗ്രസും ബി.ജെ.പിയും സമാജ് വാദി പാര്‍ട്ടിയും വിപ്പ് നല്‍കി.

ബില്ലിനെ ഒറ്റക്കെട്ടായി എതിര്‍ക്കാന്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗം തീരുമാനിച്ചു. സഭയെ തടസപ്പെടുത്തുകയോ വോക്കൗട്ട് നടത്തുകയോ ചെയ്യില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി എതിര്‍ക്കാനാണു തീരുമാനമെന്ന് ആര്‍.എസ്.പി. നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു. മുന്നണിക്കു പുറത്തുള്ള അണ്ണാ ഡി.എം.കെയും ബി.ആര്‍.എസും ബില്ലിനെതിരേ വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ബിജു ജനതാദള്‍ തീരുമാനമെടുത്തിട്ടില്ല.

സഭയില്‍ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി ഇന്നു രാവിലെ 9.30ന് പാര്‍ട്ടി എം.പിമാരുടെ യോഗം കോണ്‍ഗ്രസ് വിളിച്ചുകൂട്ടിയിട്ടുണ്ട്. ജെ.പി.സി. പരിഗണിച്ച ഭരണപക്ഷ നിര്‍ദേശങ്ങള്‍ മാത്രം അടങ്ങിയ ബില്ലാണു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഇന്ന് അവതരിപ്പിക്കുക. ബി.ജെ.പി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാളും കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷും മൂന്ന് വരി വിപ്പാണ് അംഗങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. മൂന്ന് വരി വിപ്പ് ലംഘിക്കുന്നത് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയിലേക്ക് നയിച്ചേക്കാം.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും ബില്‍ പാസാക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷ. ലോക്‌സഭയില്‍ എന്‍.ഡി.എയ്ക്ക് 542 ല്‍ 293 എം.പിമാരുമായി വ്യക്തമായ ഭൂരിപക്ഷമുണ്ട്. സ്വതന്ത്ര അംഗങ്ങളില്‍നിന്നും ചെറിയ പാര്‍ട്ടികളില്‍നിന്നും സര്‍ക്കാര്‍ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.

പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ശ്രമം. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ ടി.ഡി.പി. ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റൊരു കക്ഷിയായ ജെ.ഡി.യു. ആശങ്ക അറിയിച്ചിട്ടുണ്ട്.

Ads by Google
Wednesday 02 Apr 2025 08.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google