Wednesday, March 25, 2026 Last Updated 51 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
എസ്. നാരായണ്‍
Monday 31 Mar 2025 01.01 AM

എമ്പുരാന്‍ വിവാദം; മോഹന്‍ലാലിന്റെ ഖേദപ്രകടനത്തിനു പിന്നില്‍ സംസ്ഥാനത്തിനു പുറത്തെ സിനിമയുടെ വിപണനവും ലക്ഷ്യം

തിയേറ്റര്‍ വിഹിതവും നികുതിയും ഡിസ്ട്രിബ്യൂട്ടര്‍ വിഹിതവുമെല്ലാം നല്‍കിയശേഷം മലയാള മാര്‍ക്കറ്റില്‍നിന്നു മാത്രമുള്ള തുകയില്‍ എമ്പുരാന് പിടിച്ചുനില്‍ക്കാനാകില്ല. ആര്‍.എസ്.എസ്. പരസ്യമായ നിലപാടെടുത്തതുകൂടി കണക്കിലെടുത്താണ് മോഹന്‍ലാലിന്റെ ഖേദപ്രകടനം.
empuran

തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിന്തുണ അറിയിച്ചിട്ടും എമ്പുരാനില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത് സംസ്ഥാനത്തിനു പുറത്തെ സിനിമയുടെ വിപണനം കൂടി ലക്ഷ്യമിട്ട്. 200 കോടിക്കു മുകളില്‍ ചെലവിട്ടാണ് എമ്പുരാന്‍ എടുത്തത്. ഇതില്‍ മലയാളത്തിനു പരമാവധി നല്‍കാനാകുക നൂറു കോടിക്കടുത്തു മാത്രമാണ്.

തിയേറ്റര്‍ വിഹിതവും നികുതിയും ഡിസ്ട്രിബ്യൂട്ടര്‍ വിഹിതവുമെല്ലാം നല്‍കിയശേഷം മലയാള മാര്‍ക്കറ്റില്‍നിന്നു മാത്രമുള്ള തുകയില്‍ എമ്പുരാന് പിടിച്ചുനില്‍ക്കാനാകില്ല. മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്ററായാല്‍പ്പോലും വന്‍നഷ്ടം ഉറപ്പ്. സിനിമയുടെ സാറ്റലൈറ്റ്-ഒ.ടി.ടി. തുകകളെപ്പോലും വിവാദം ബാധിക്കും. ഈ സാഹചര്യത്തില്‍ ആര്‍.എസ്.എസ്. പരസ്യമായ നിലപാടെടുത്തതുകൂടി കണക്കിലെടുത്താണ് മോഹന്‍ലാലിന്റെ ഖേദപ്രകടനം.

പരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കുന്ന മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായിപ്പോലും വ്യക്തിബന്ധമുണ്ട്. മോഹന്‍ലാലിന്റെ അച്ഛന്റെ പേരിലുള്ള ചാരിറ്റബിള്‍ സംഘടനയ്ക്കു പിന്നിലെ ചില സൗഹൃദങ്ങളുമുണ്ട്. ഇതൊന്നും അകന്നുപോകാന്‍ ലാല്‍ ആഗ്രഹിക്കുന്നില്ല. പൃഥ്വിരാജിനും സാഹചര്യങ്ങള്‍ മനസിലായിട്ടുണ്ട്.

വിവാദമുണ്ടായതോടെ സിനിമ കാണാന്‍ തിരക്കു കൂടി. 17 വെട്ടുകള്‍ ചിത്രത്തില്‍ വരുത്തി വീണ്ടും സെന്‍സറിങ്ങിനു സമര്‍പ്പിക്കാനായിരുന്നു തീരുമാനം. സിനിമ വെട്ടിമുറിക്കുന്നതിനുമുമ്പേ ചിത്രം കാണാനാണ് പലരും ടിക്കറ്റെടുത്ത് തിടുക്കം കൂട്ടുന്നത്. ഇത് കളക്ഷനെ വലിയ തോതില്‍ ഗുണകരമായിസ്വാധീനിച്ചിട്ടുണ്ട്.

പുതിയ പതിപ്പെത്തുമ്പോള്‍ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആ സമയത്ത് തിയേറ്ററിലെത്തുമെന്നാണ് അണിയറക്കാര്‍ കരുതുന്നത്. മാറ്റം എന്താണെന്നറിയാന്‍ നേരത്തെ കണ്ടവരും ഇതോടൊപ്പമെത്തും. ഇതെല്ലാം വരുമാനത്തിനു ഗുണകരമാകുമെന്നാണു വിലയിരുത്തല്‍. ഇതിനുപുറമേ ഉത്തരേന്ത്യയിലെ വിപണനവും അത്യന്താപേക്ഷിതമാണ്. ആര്‍.എസ്.എസിന്റെ എതിര്‍പ്പുണ്ടെങ്കില്‍ അവിടെ കാര്യങ്ങള്‍ സുഗമമാകില്ല.

മാറ്റം വരുത്തുന്ന പുതിയ പതിപ്പ് കേരളത്തിനു പുറത്ത് തരംഗമാകുമെന്ന് എമ്പുരാന്‍ ടീം പ്രതീക്ഷിക്കുന്നു. പൃഥ്വിയെ അടക്കംവിശ്വാസത്തിലെടുക്കും വിധമാണ് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍. തനിക്കൊന്നും അറിയില്ലായിരുന്നെന്ന് മോഹന്‍ലാല്‍ പറയുന്നില്ല. കൂട്ടായ വീഴ്ചയായാണ് വിശദീകരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് പൃഥ്വി പോസ്റ്റ് ഷെയര്‍ ചെയ്തത്.

ഇതിനിടെ എമ്പുരാനിലെ വിവാദഭാഗങ്ങളില്‍നിന്ന് മൂന്നുമിനിറ്റ് ഒഴിവാക്കി. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങളാണ് സിനിമയില്‍നിന്ന് ഒഴിവാക്കിത്. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ബജ്രംഗി എന്ന പേര് മാറ്റി ബൽരാജ് എന്നാക്കിയിട്ടുണ്ട്.

വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ചയോ ചെവ്വാഴ്ചയോ തിയറ്ററുകളിൽ എത്തിയേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ട്. സിനിമ ഉടൻ റീ- എഡിറ്റ് ചെയ്ത് നൽകണമെന്ന കേന്ദ്ര സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് അറിയുന്നത്. അസാധരണ നടപടിയിലൂടെ ഞായറാഴ്ച അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നൽകാൻ സെൻസർ ബോർഡ് യോഗം ചേരുകയായിരുന്നു.

Ads by Google
എസ്. നാരായണ്‍
Monday 31 Mar 2025 01.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google