Wednesday, March 25, 2026 Last Updated 53 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Saturday 29 Mar 2025 01.07 PM

പാതിവിലത്തട്ടിപ്പ് കേസ് : ഇരകള്‍ക്കു പണം തിരിച്ചുകിട്ടാന്‍ ബഡ്‌സ് നിയമം ചുമത്തിയേക്കും

uploads/news/2025/03/772860/half-price.jpg

കൊച്ചി: പാതിവിലത്തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരേ ബഡ്‌സ് നിയമം (2019) ചുമത്താമെന്നു ക്രൈംബ്രാഞ്ചിന് നിയമോപദേശം. തട്ടിപ്പിന് ഇരയായവര്‍ക്കു പണം തിരിച്ചുകിട്ടാനുള്ള തടസം മറികടക്കാനാണ് ബാനിങ് ഓഫ് അണ്‍റെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്‌കീംസ് (ബഡ്‌സ്) നിയമത്തിന്റെ സാധ്യത തേടിയത്.

കേസില്‍ ബഡ്‌സ് നിയമം ചുമത്തുന്നതോടെ ഇരകള്‍ക്ക് ബഡ്‌സ് കോംപിറ്റന്റ് അതോറിറ്റി മുഖേന പണം തിരികെക്കിട്ടാന്‍ വഴിതെളിയും. പ്രത്യേകകോടതിയില്‍ വിചാരണ നടക്കുമെന്നതിനാല്‍ കാലതാമസവും ഒഴിവാകും. ബഡ്‌സ് നിയമപ്രകാരം, നിക്ഷേപത്തട്ടിപ്പില്‍ പ്രതിചേര്‍ക്കപ്പെടുന്ന സ്ഥാപനത്തിന്റെ ആസ്തികളും വസ്തുവകകളും പിടിച്ചെടുത്ത് കോടതി മുമ്പാകെ സമര്‍പ്പിച്ചശേഷം അവ വിറ്റ് നിക്ഷേപകര്‍ക്കു പണം തിരികെനല്‍കാനാവും.

നിലവില്‍ ക്രിമിനല്‍ നടപടിപ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണു ക്രൈംബ്രാഞ്ച് അന്വേഷണം. അതുപ്രകാരം, നഷ്ടപ്പെട്ട പണം തിരികെക്കിട്ടാന്‍ ഇരകള്‍ ഓരോരുത്തരും സിവില്‍ കോടതിയെ സമീപിക്കേണ്ടിവരും. അല്ലെങ്കില്‍, പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തുമ്പോള്‍, പരാതിക്കാര്‍ക്കു പണം തിരികെനല്‍കാമെന്ന് ഉറപ്പുനല്‍കണം. ഇത് കോടതി അംഗീകരിക്കുകയും വേണം.

കോടതി മധ്യസ്ഥനെ ചുമതലപ്പെടുത്തി, ഇരകളില്‍നിന്നു രേഖകള്‍ വാങ്ങി നഷ്ടപ്പെട്ട പണം തിരികെനല്‍കാനും ശ്രമിക്കാം. ഇതിലും പ്രതികളുടെ സഹകരണമാണു നിര്‍ണായകം. അതിനു സാധ്യത കുറവാണ്. കേസില്‍ ബഡ്‌സ് നിയമം ചുമത്തുന്നതോടെ ഈ നൂലാമാലകള്‍ ഒഴിവാകുമെന്നാണു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. തട്ടിപ്പിലൂടെ പണം സമ്പാദിച്ചതായി തെളിയുന്നവരുടെ സ്വത്തുക്കള്‍ മാത്രമാകും കണ്ടുകെട്ടുക.

നിയമവിരുദ്ധമായി സ്വീകരിച്ച നിക്ഷേപം തിരികെനല്‍കാത്ത സ്ഥാപനങ്ങളുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര-ജംഗമവസ്തുക്കള്‍ താത്കാലികമായി ജപ്തി ചെയ്യാനും, ജപ്തി സ്ഥിരമാക്കാനും നിയുക്തകോടതി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യാനും ബഡ്‌സ് നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന് ഉത്തരവിടാം. സെക്ഷന്‍ 14 (1) പ്രകാരം താത്കാലികജപ്തി സ്ഥിരപ്പെടുത്താന്‍ കോടതി മുമ്പാകെ സമയബന്ധിതമായി ഹര്‍ജി നല്‍കണം.

നിക്ഷേപത്തട്ടിപ്പിന്റെ പരിധിയില്‍ വരുമോ?

അതേസമയം, പാതിവിലത്തട്ടിപ്പ് കേസില്‍ ബഡ്‌സ് നിയമപ്രകാരം ഇരകള്‍ക്കു പണം തിരികെ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ചു നിയമവിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. പാതിവിലയ്ക്കു സ്‌കൂട്ടറും ലാപ്‌ടോപ്പും തയ്യല്‍യന്ത്രവുമൊക്കെ വാഗ്ദാനം ചെയ്യുന്നതു നിക്ഷേപപദ്ധതിയായി വ്യാഖ്യാനിക്കാനാകുമോ എന്നതാണ് ഒരു ചോദ്യം.

തട്ടിപ്പിന് ഇരയായവരുടെ എണ്ണം 43,000 കവിഞ്ഞെന്നാണു ക്രൈംബാഞ്ച് നല്‍കുന്ന വിവരം. മുഖ്യപ്രതി ഇടുക്കി സ്വദേശി അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകളിലൂടെ ഒന്നരവര്‍ഷത്തിനിടെ 450 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായി ക്രൈംബാഞ്ച് കണ്ടെത്തി.

Ads by Google
ജെബി പോള്‍
Saturday 29 Mar 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google