തിരുവനന്തപുരം : കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മുന്നണികളുടെയും സ്വതന്ത്രരുടെയും അന്തിമ പോരാട്ട ചിത്രം വ്യക്തമായി. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചതിൽ പല മണ്ഡലങ്ങളിലും കൗതുകകരമായ മാറ്റങ്ങളുണ്ട്. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരന് ‘തെങ്ങിൻ തോട്ടം’ ചിഹ്നമായി ലഭിച്ചപ്പോൾ, പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന് ‘ഇലക്ട്രിക് പോൾ’ ചിഹ്നമായി ലഭിച്ചു. ചിഹ്നങ്ങൾ ലഭിച്ചതോടെ സ്ഥാനാർത്ഥികൾ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട് സൗത്തിൽ എൽഡിഎഫ് സ്വതന്ത്രൻ അഹമ്മദ് ദേവർകോവിലിന് കഴിഞ്ഞ തവണത്തെ ‘ഗ്ലാസ്’ ചിഹ്നത്തിന് പകരം ‘ബക്കറ്റ്’ ആണ് ഇത്തവണ അനുവദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2025-ലെ ചിഹ്നങ്ങളുടെ പട്ടികയിൽ ഗ്ലാസ് ഇല്ലാത്തതാണ് ഇതിന് കാരണം. ഗ്ലാസ് ചിഹ്നത്തിൽ പോസ്റ്ററുകൾ അടിച്ച് പ്രചാരണം തുടങ്ങിയ ദേവർകോവിലിന് ഈ മാറ്റം വലിയ തിരിച്ചടിയായി.