ഡോ. വന്ദനാദാസ് കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്.
മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോയെന്ന് പ്രതി സന്ദീപ് കോടതിയോട് ചോദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്.
യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി എന്തിനീ കൃത്യം നടത്തിയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സന്ദീപ് നടത്തിയ നീക്കങ്ങൾ പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞു. 70ൽ അധികം സാക്ഷികളെയാണ് വിചാരണയുടെ ഘട്ടത്തിൽ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.