Wednesday, March 18, 2026 Last Updated 8 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 14 Feb 2026 11.51 AM

ജോസിനെ പാലായിലെ ഗോദയിലേക്ക്‌ 'തള്ളിയിട്ട്‌' റോഷിയുടെ സ്‌നേഹപ്പാര! MLAമാര്‍ വീണ്ടും മത്സരിക്കണമോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജോസി​ന്റെ താക്കീത്!

കേരളാ കോണ്‍ഗ്രസി(എം)ന്റെ മുന്നണിമാറ്റസാധ്യത പൂര്‍ണമായി തള്ളാനാവാത്ത സാഹചര്യത്തില്‍, റോഷിയെ പാര്‍ട്ടിയില്‍ ശക്‌തനാക്കാന്‍ സി.പി.എമ്മിന്റെ രഹസ്യപിന്തുണയുണ്ടെന്നും സൂചനയുണ്ട്‌.
uploads/news/2026/02/825417/2.jpg

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി. വീണ്ടും പാലായില്‍ മത്സരിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍. അത്‌ തീരുമാനിച്ചിട്ടില്ലെന്നു ജോസ്‌. ആര്‌ പറയുന്നതു വിശ്വസിക്കണമെന്നറിയാതെ അണികള്‍!

പാലായില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്നും മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ്‌ ചെയര്‍മാന്‍ പറഞ്ഞതെന്നു റോഷി പിന്നീട്‌ വിശദീകരിച്ചു. ജോസ്‌ മത്സരിക്കില്ലെന്ന്‌ പറഞ്ഞിട്ടില്ലെന്നുകൂടി റോഷി ഉറപ്പിച്ച്‌ പറഞ്ഞതോടെ ഇരുനേതാക്കള്‍ക്കുമിടയിലെ അഭിപ്രായഭിന്നത മറനീക്കി. പാര്‍ട്ടി യോഗം ചേര്‍ന്നേ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കൂവെന്നും സിറ്റിങ്‌ എം.എല്‍.എമാര്‍തന്നെ തുടരണോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ജോസ്‌ പറഞ്ഞതു റോഷിക്കുള്ള പരോക്ഷതാക്കീതായി.

ജോസ്‌ നയിക്കുന്ന എല്‍.ഡി.എഫ്‌. മധ്യമേഖലാജാഥ ഇടുക്കി, അടിമാലിയില്‍ എത്തിയപ്പോഴാണ്‌ പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്നു മൈക്ക്‌ 'പിടിച്ചുവാങ്ങി' റോഷി പ്രഖ്യാപിച്ചത്‌. കെ.എസ്‌.സിയിലൂടെ വളര്‍ന്നുവന്ന റോഷി അതേ ചോരത്തിളപ്പുകൊണ്ട്‌ പറഞ്ഞതാണെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസ്‌ പിന്നാലെ വ്യക്‌തമാക്കി. കേരള കോണ്‍ഗ്രസി(എം)ന്റെ മുന്നണിമാറ്റചര്‍ച്ചകളോടെയാണ്‌ പാര്‍ട്ടിയില്‍ രണ്ട്‌ നേതൃത്വമെന്ന അഭ്യൂഹവും പ്രചരിച്ചത്‌. റോഷിയെ ഉപയോഗിച്ചാണ്‌ ജോസിന്റെ മുന്നണിമാറ്റനീക്കത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തടയിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍, മുന്നണിമാറ്റം ചര്‍ച്ചയിലില്ലെന്നു വ്യക്‌തമാക്കി ജോസ്‌ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടു.

പാലായില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയോട്‌ വീണ്ടും ഏറ്റുമുട്ടുന്ന കാര്യത്തില്‍ ജോസ്‌ ഇതുവരെ മനസ്‌ തുറന്നിട്ടില്ല. എല്‍.ഡി.എഫ്‌. നേതൃത്വത്തിനുതന്നെ ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുള്ളപ്പോഴാണ്‌ ജോസ്‌ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന 'സ്‌നേഹപ്പാര'യുമായി റോഷി രംഗത്തുവന്നത്‌. കേരളാ കോണ്‍ഗ്രസി(എം)ന്റെ മുന്നണിമാറ്റസാധ്യത പൂര്‍ണമായി തള്ളാനാവാത്ത സാഹചര്യത്തില്‍, റോഷിയെ പാര്‍ട്ടിയില്‍ ശക്‌തനാക്കാന്‍ സി.പി.എമ്മിന്റെ രഹസ്യപിന്തുണയുണ്ടെന്നും സൂചനയുണ്ട്‌.

യു.ഡി.എഫില്‍ ചേരാനായി ജോസ്‌ കോണ്‍ഗ്രസ്‌ നേതാക്കളെ കണ്ടെന്നു മാണി സി. കാപ്പന്‍ ആരോപിച്ചിരുന്നു. കെ.എം. മാണി നടപ്പാക്കിയ വികസനം മാത്രമാണ്‌ പാലായിലുള്ളതെന്നു ജോസ്‌ തിരിച്ചടിച്ചു. മത്സരിച്ചാല്‍ വീണ്ടും തോല്‍ക്കുമെന്ന ഭയമാണ്‌ ജോസിനെന്നായിരുന്നു കാപ്പന്റെ മറുപടി.

Ads by Google
ഷാലു മാത്യു
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google