Monday, March 16, 2026 Last Updated 3 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
ജെബി പോള്‍
Sunday 08 Feb 2026 11.38 PM

മദപ്പാടിലുള്ള ആന ഉത്സവത്തിന്‌; വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കും കൈവശക്കാരനുമെതിരേ നടപടിയുമായി സുപ്രീം കോടതി, വിവാദമായ ആനക്കേസ്‌ ഇങ്ങനെ

ആനയുടെ ഉടമസ്‌ഥാവകാശക്കേസില്‍ മാതാ അമൃതാനന്ദമയി മഠം നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലാണു സുപ്രീം കോടതിയുടെ നടപടി.
uploads/news/2026/02/824592/k3.jpg

കൊച്ചി; മദപ്പാടിലുള്ള ആനയെ എഴുന്നള്ളിച്ചതിന്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കും കൈവശക്കാരനുമെതിരേ കോടതിയലക്ഷ്യനടപടി സ്വീകരിക്കാതിരിക്കാന്‍ വിശദീകരണം തേടി സുപ്രീം കോടതി. ഊട്ടോളി രാമന്‍ എന്ന ആനയെ മദപ്പാടുകാലത്ത്‌ എഴുന്നള്ളിക്കാന്‍ എങ്ങനെ അനുമതി നല്‍കിയെന്നും എന്തുകൊണ്ട്‌ കോടതിയുടെ മുന്‍ ഉത്തരവ്‌ പാലിച്ചില്ലെന്നും 10 ദിവസത്തിനകം അറിയിക്കണം.

ആനയുടെ ഉടമസ്‌ഥാവകാശക്കേസില്‍ മാതാ അമൃതാനന്ദമയി മഠം നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലാണു സുപ്രീം കോടതിയുടെ നടപടി. ആനയെ തൃശൂര്‍ ഊട്ടോളി സ്വദേശി കൃഷ്‌ണന്‍കുട്ടിക്കു പാട്ടത്തിന്‌ നല്‍കിയതാണെന്നാണ്‌ മഠത്തിന്റെ വാദം. മഠം ആനയ്‌ക്കിട്ട പേര്‌ രാമനെന്നായിരുന്നു. അതിനൊപ്പം ഊട്ടോളിയെന്ന്‌ കൃഷ്‌ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കേസിലെ ഹൈക്കോടതി വിധിക്കെതിരേ കൃഷ്‌ണന്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ആനയുടെ താത്‌കാലികസംരക്ഷണച്ചുമതല കൃഷ്‌ണന്‍കുട്ടിക്കുതന്നെ നല്‍കാനായിരുന്നു കോടതി നിര്‍ദേശം.

തൃശൂര്‍ പൂരത്തിന്‌ ഇടഞ്ഞതിനാല്‍ ആനയെ ഇടയ്‌ക്കിടെ പരിശോധിക്കണമെന്നും നിര്‍ദേശമുള്ളതാണ്‌. ആനയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കാന്‍ വിലക്കുണ്ടെന്നും താത്‌കാലിക സംരക്ഷണ ഉത്തരവ്‌ ദുരുപയോഗിച്ച്‌ കൃഷ്‌ണന്‍കുട്ടി പണമുണ്ടാക്കുകയാണെന്നും മഠം ആരോപിച്ചു. ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ടെന്നാണ്‌ മഠത്തിന്റെ വാദം. എന്നാല്‍, ഇത്‌ കൃഷ്‌ണന്‍കുട്ടി നിഷേധിച്ചു. മദപ്പാടിലായതിനാലാണ്‌ ഹെല്‍ത്ത്‌ റിപ്പോര്‍ട്ട്‌ വാങ്ങാതിരുന്നതെന്ന വാദത്തിന്‌, പിന്നെങ്ങനെ ഉത്സവത്തിനു കൊണ്ടുപോയെന്നു ജസ്‌റ്റിസ്‌ ബേലാ എം. ത്രിവേദി അധ്യക്ഷ്യയായ ബെഞ്ച്‌ ചോദിച്ചു. കൃഷ്‌ണന്‍കുട്ടിക്കു പുറമേ പ്രിന്‍സിപ്പല്‍ സി.സി.എഫ്‌, ചീഫ്‌ വെറ്റിനറി ഓഫീസര്‍, വെറ്റിനറി സര്‍ജന്‍ എന്നിവരോടാണു കോടതി വീശദീകരണം തേടിയത്‌.

ആനക്കേസ്‌ ഇങ്ങനെ

2001-ല്‍ ആന്‍ഡമാന്‍ നിക്കോബാറില്‍നിന്ന്‌ സദാനന്ദന്‍ എന്നയാള്‍ കൊണ്ടുവന്ന കുട്ടിയാനയെ സംരക്ഷിക്കാന്‍ അമൃതാനന്ദമയി മഠത്തിനു കൈമാറുകയായിരുന്നു. രാമനെന്നു പേരിട്ട്‌ 2017 വരെ ആനയെ മഠം സംരക്ഷിച്ചെങ്കിലും പിന്നീട്‌ തിരികെ നല്‍കിയെന്നു ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന്‌, സദാനന്ദന്‍ തൃശൂര്‍ ഊട്ടോളി സ്വദേശി കൃഷ്‌ണന്‍കുട്ടിക്ക്‌ ഉടമസ്‌ഥാവകാശം കൈമാറി. 2023 വരെ ആനയെ സംരക്ഷിച്ചെന്നും ചികിത്സയ്‌ക്കടക്കം മൂന്നു കോടിയിലേറെ രൂപ ചെലവായെന്നും കൃഷ്‌ണന്‍കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ആനയെ ചതിയിലൂടെ കൃഷ്‌ണന്‍കുട്ടി സ്വന്തമാക്കിയതാണെന്ന്‌ ആരോപിച്ച്‌ അമൃതാനന്ദമയി മഠം ക്രിമിനല്‍ കേസ്‌ നല്‍കി. കേസില്‍ തീരുമാനമാകുന്നതുവരെ ആനയുടെ കൈവശാവകാശം കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി കൃഷ്‌ണന്‍കുട്ടിക്കു നല്‍കി. ഇതിനെതിരേ മഠം ഹൈക്കോടതിയെ സമീപിച്ചു. ആനയെ മഠത്തിന്റെ സംരക്ഷണയില്‍ വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേയാണ്‌ കൃഷ്‌ണന്‍കുട്ടി സുപ്രീം കോടതിയിലെത്തിയത്‌.

ജെബി പോള്‍

Ads by Google
ജെബി പോള്‍
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google