Thursday, March 19, 2026 Last Updated 1 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 29 Dec 2025 02.05 AM

നിയമസഭ: 50% സീറ്റുകള്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കും; സതീശന്റെ പ്രഖ്യാപനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ മൗനം, വിജയസാധ്യതയാകണം മാനദണ്‌ഡം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നും വിജയസാധ്യതയാകണം മാനദണ്‌ഡമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ തവണയും ഏറെ യുവാക്കള്‍ക്ക്‌ സീറ്റ്‌ നല്‍കി. അതില്‍ മൂന്നു പേര്‍ മാത്രമാണ്‌ ജയിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്‌ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്‌ അതൃപ്‌തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ടത്തരം ആവര്‍ത്തിക്കരുതെന്നും വിജയസാധ്യതയാകണം മാനദണ്‌ഡമെന്നും അവര്‍ പറയുന്നു. കഴിഞ്ഞ തവണയും ഏറെ യുവാക്കള്‍ക്ക്‌ സീറ്റ്‌ നല്‍കി. അതില്‍ മൂന്നു പേര്‍ മാത്രമാണ്‌ ജയിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേ സമയം, ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ, പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ മാനേജര്‍മാരെ പ്രതിരോധത്തിലാക്കുകയാണ്‌ സതീശന്‍.

മുന്‍കാലങ്ങളില്‍ സ്‌ഥാനാര്‍ഥി നിര്‍ണയ വേളയില്‍ ഗ്രൂപ്പ്‌ നോമിനികള്‍ക്കായി സീറ്റുകള്‍ വീതം വെക്കുന്ന രീതി കോണ്‍ഗ്രസിന്‌ പലപ്പോഴും തിരിച്ചടിയായിരുന്നു. തോല്‍ക്കുന്ന സീറ്റുകളില്‍ പോലും വീണ്ടും ഒരേ മുഖങ്ങള്‍ തന്നെ പ്രത്യക്ഷപ്പെടുന്നത്‌ വിജയസാധ്യതയെ ബാധിക്കാറുണ്ട്‌. ഈ പ്രവണത അവസാനിപ്പിച്ച്‌ വിജയസാധ്യതയുള്ള പുതിയ മുഖങ്ങളെ അണിനിരത്തുകയാണ്‌ വേണ്ടതെന്ന്‌ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. സി.പി.എമ്മിനേക്കാള്‍ മികച്ച രണ്ടാം നിരയും മൂന്നാം നിരയും കോണ്‍ഗ്രസിനുണ്ടെന്നാണു സതീശന്റെ അവകാശവാദം.

കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ തലങ്ങളില്‍നിന്ന്‌ വളര്‍ന്നുവന്ന യുവനേതാക്കള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കുന്നതിലൂടെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന്‌ സതീശന്‍ കണക്കുകൂട്ടുന്നു. 2022ലെ ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നുവന്ന '50 വയസിന്‌ താഴെയുള്ളവര്‍ക്ക്‌ 50 ശതമാനം സീറ്റ്‌' എന്ന നിര്‍ദേശം ഇതുവരെ പ്രായോഗികമായി നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന്‌ സാധിച്ചിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഇത്‌ നടപ്പിലാക്കുന്നതിലൂടെ അഖിലേന്ത്യാ തലത്തില്‍ തന്നെ ഒരു പുതിയ മാതൃക സൃഷ്‌ടിക്കാന്‍ വി.ഡി. സതീശന്‍ ലക്ഷ്യമിടുന്നു.

സ്‌ത്രീകള്‍ക്ക്‌ അര്‍ഹമായ പരിഗണന നല്‍കുന്നതിലൂടെ വനിതാ വോട്ടര്‍മാരെ പാര്‍ട്ടിയോട്‌ കൂടുതല്‍ അടുപ്പിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ്‌ കരുതുന്നു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വനിതാ പ്രാതിനിധ്യം സംബന്ധിച്ച്‌ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിഹരിക്കാനുള്ള നീക്കം കൂടിയാണിതെന്നു സതീശന്‍ പറയുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Monday 29 Dec 2025 02.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google