Thursday, March 19, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 01.59 PM

'മറ്റത്തൂരില്‍ കണ്ടത് ഒറ്റച്ചാട്ടത്തിന് ബിജെയിപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ' : പരിഹസിച്ച് മുഖ്യമന്ത്രി

cm, mocks, congress

തൃശൂര്‍: തൃശൂരിലെ മറ്റത്തൂരില്‍ ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപിയായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നിന് പോലും ഒരാളെ ബാക്കിയാക്കാതെ എല്ലാവരെയും ബിജെപി എടുത്തു. സംഘപരിവാറിന് നിലം ഒരുക്കുന്നത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ട് കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ലിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്

2016ല്‍ അരുണാചല്‍ പ്രദേശില്‍ ആകെ 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021ല്‍ ബിജെപി അധികാരം പിടിച്ചു. 2019ല്‍ ഗോവയിലെ കോണ്‍ഗ്രസ്സ് ലെജിസ്ലേറ്റീവ് പാര്‍ടി ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡല്‍ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തില്‍ എല്‍ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയത്. അതവര്‍ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകും എന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരില്‍ അനുയായികള്‍ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തില്‍ വ്യക്തമാണ്. അതവര്‍ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവല്‍ക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോണ്‍ഗ്രസ്സിന്റെ കുടില തന്ത്രങ്ങള്‍ ഞങ്ങള്‍ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂര്‍ മോഡല്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്. അദ്ദേഹം കുറിച്ചു.

കാല്‍ നൂറ്റാണ്ട് ഇടതുമുന്നണി ഭരിച്ച മറ്റത്തൂരില്‍ ഇന്നലെ ഉണ്ടായത് വന്‍ രാഷ്ട്രീയ അട്ടിമറിയായിരുന്നു. കോണ്‍ഗ്രസ് വിമതയെ പ്രസിഡന്റാക്കാന്‍ ബിജെപിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ കൈകൊടുത്തു. ബിജെപി അംഗത്തിന്റെ പിന്തുണയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചയാള്‍ വൈസ് പ്രസിഡന്റാവുകയും ചെയ്തു. കോണ്‍ഗ്രസ് വിമതനെക്കൂട്ടി ഭരണം പിടിക്കാനുള്ള സിപിഎം നീക്കമാണ് ബിജെപിക്ക് കൈകൊടുക്കാന്‍ ഇടയാക്കിയതെന്നാണ് കോണ്‍ഗ്രസ് വിട്ട ഒരുവിഭാഗം മെമ്പര്‍മാര്‍ പറയുന്നത്.

Ads by Google
Sunday 28 Dec 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google