Saturday, March 21, 2026 Last Updated 5 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 09.18 AM

സംസ്ഥാനത്ത് വീണ്ടും ആശങ്ക പടര്‍ത്തി അമീബിക് മസ്തിഷ്‌കജ്വരം ; എട്ട് ദിവസത്തിനിടെ 10 പേര്‍ക്ക് രോഗം കണ്ടെത്തി

uploads/news/2025/10/804886/masthishka-jwaram.jpg

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക പടര്‍ത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേര്‍ക്ക് രോഗം കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ 98 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണമടയുകയും ചെയ്തു. അഞ്ചുകേസുകള്‍ തിരുവനന്തപുരത്തും മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികള്‍ക്കും കോഴിക്കോട് തിരുവാങ്ങൂര്‍, കൊളത്തൂര്‍ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീര്‍മുക്കത്തുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ആശങ്ക തുടരുകയാണ്. കാലിന് പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ 57 കാരനായ നിര്‍മാണത്തൊഴിലാളിയ്ക്ക് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. വാമനപുരം, വിഴിഞ്ഞം, വര്‍ക്കല സ്വദേശികള്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു. കിണര്‍വെള്ളത്തില്‍ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതല്‍ ആശങ്കയാണുണ്ടാക്കുന്നത്. മലിനജലത്തില്‍നിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നുമാണ് നേരത്തേ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.

പുതിയ കണ്ടെത്തലിന്റെ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ആരോഗ്യവകുപ്പ് ശക്തമാക്കുകയാണ്. നേഗ്ലെറിയ ഫൗലേറി, അക്കാന്തമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗം. വെള്ളത്തില്‍ നീന്തുകയോ മുങ്ങിക്കുളിക്കുകയോ ചെയ്യുമ്പോഴാണ് രോഗാണു തലച്ചോറിലെത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. കുളിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കില്ല.

വെള്ളത്തില്‍ ചാടുകയോ നീന്തുകയോ ചെയ്യുമ്പോള്‍ മൂക്കില്‍ കടക്കുന്ന വെള്ളത്തിലൂടെ അമീബ മൂക്കിലെ അസ്ഥികളുടെ വിടവിലൂടെ തലച്ചോറില്‍ എത്തുകയും രോഗമുണ്ടാവുകയും ചെയ്യും. രോഗബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. കുട്ടികളിലും കൗമാരക്കാരിലുമാണ് രോഗം പ്രധാനമായും ഉണ്ടാകുന്നത്. ശക്തമായ പനി, ഛര്‍ദി, തലവേദന, അപസ്മാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.

Ads by Google
Friday 10 Oct 2025 09.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google