ജബൽപുർ: മധ്യപ്രദേശിൽ നഗരമധ്യത്തിൽ കുതിരകൾ തമ്മിലുണ്ടായ പോരിൽ രണ്ടുപേർക്ക് പരിക്ക്. പോരിനിടയിൽ കുതിരകളിലൊന്ന് ഓട്ടോറിക്ഷയിൽ കുടുങ്ങുകയും ഡ്രൈവർക്കും യാത്രികനും പരിക്കേൽക്കുകയുമായിരുന്നു. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം .
ബുധനാഴ്ച ഉച്ചയ്ക്കാണ് തിരക്കേറിയ നാഗ്രത് ചൗക്കിൽ രണ്ടു കുതിരകൾ തമ്മിൽ പോര് നടന്നത്. ആളുകൾ കുതിരകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഇവ അടുത്തുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. കടയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തുടർന്ന് നഗരമധ്യത്തിൽ പരിഭ്രാന്തി പരത്തിയ കുതിരകൾ ഒരെണ്ണം യാത്രക്കാരനുമായി പോയ ഇ-റിക്ഷയിലേക്ക് ചാടിക്കയറി. സാരമായി പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇരുപത്തുമിനിറ്റോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന കുതിരയെയും പ്രദേശവാസികൾ പുറത്തെത്തിക്കുകയായിരുന്നു. രണ്ട് കുതിരകൾക്കും പരിക്കേറ്റിട്ടുണ്ട്.
📍 जबलपुर🔹दो घोड़ों की आपसी लड़ाई में हुई हैरतअंगेज घटना🔹जबलपुर में ऑटो में घुसा घोड़ा🔹बड़ी मुश्किल से घोड़े को ऑटो से निकाला गया🔹घटना में ड्राइवर सहित 2 लोग घायल#JabalpurHorseFight #JabalpurNews #Jabalpur #ViralVideo #mpnews pic.twitter.com/PfDmB3napR— ETV Bharat Madhya Pradesh (@ETVBharatMP) July 23, 2025
നഗരമധ്യത്തിൽ അലഞ്ഞുതിരിയുന്ന കുതിരകൾ കൂടുകയാണെന്നും ഇവ തമ്മിൽ മുൻ ദിവസങ്ങളിലും പോര് നടന്നിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി സമർപ്പിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.